(www.kl14onlinenews.com)
(11-Oct-2022)
ഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ അന്തരീക്ഷത്തെ മലിനമാക്കുന്നുവെന്നും അവ നിയന്ത്രിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങളിൽ സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ന്യൂനപക്ഷ സമുദായത്തിനെതിരെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ നേടാനും, എല്ലാ സ്ഥാനങ്ങളിലും അധികാരം പിടിക്കാനും, വംശഹത്യ നടത്താനും, 2024 തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദ്വേഷ പ്രസംഗങ്ങളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായി അന്തരീക്ഷം മുഴുവൻ മലിനമാക്കപ്പെടുകയാണെന്ന് ഹർജിയിൽ പറയുന്നത് ശരിയായിരിക്കാം. ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് പറയാൻ നിങ്ങൾക്ക് ന്യായമായ എല്ലാ കാരണങ്ങളും ഉണ്ടായിരിക്കാം, എന്നാൽ ആർട്ടിക്കിൾ 32 പ്രകാരം ഇത്തരത്തിലുള്ള അപകീർത്തികരമായ ഹർജി നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദാംശങ്ങളോ വിവരങ്ങളോ ഇല്ലെന്നും, കൂടാതെ “അവ്യക്തമായ” അവകാശവാദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്വേഷ പ്രസംഗം ലാഭകരമായ ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണെന്ന് ഹർജിക്കാരനായ ഹർപ്രീത് മൻസുഖാനി ബെഞ്ചിനോട് പറഞ്ഞു. മുസ്‌ലിം വിരുദ്ധ വിദ്വേഷം വളർത്തിയതായി ആരോപിക്കപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളുടെ നിർബന്ധിത പലായനത്തെ കാണിക്കുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന ഹിന്ദി സിനിമയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടി ഫണ്ട് നൽകിയതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്ന് മൻസുഖാനി അവകാശപ്പെട്ടു.
വിദ്വേഷ പ്രസംഗ കേസുകളിൽക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബെഞ്ച് നിരീക്ഷിച്ചു. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.
Post a Comment