പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായില്‍

(www.kl14onlinenews.com)
(03-Oct-2022)

പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായില്‍
ദുബായ് :
പ്രമുഖ പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന അദ്ദേഹം സിനിമാ നിര്‍മാണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ മികച്ച ഒരു കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ മുല്ലശ്ശേരി സ്വദേശിയാണ്. കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് 1974 ല്‍ കുവൈറ്റിലെത്തിയ രാമചന്ദ്രന്‍ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിന്റെ മുഖമായി അദ്ദേഹം മലയാളികള്‍ക്ക് അതിവേഗം പരിചിതനായി. എന്നാല്‍ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ച അദ്ദേഹത്തെ ജയിലിലാക്കി. വിവിധ ബാങ്കുകളില്‍ നിന്നായി 55 കോടിയിലേറെ ദിര്‍ഹമാണ് വായ്പയായി എടുത്തിരുന്നത്. 2015 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാമചന്ദ്രനെ ദുബായ് കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഒരു തിരിച്ചുവരവിനുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മടക്കം.

Post a Comment

Previous Post Next Post