ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കടലിൽ മുക്കിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

(www.kl14onlinenews.com)
(05-Oct-2022)

ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കടലിൽ മുക്കിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ
കൊയിലാണ്ടി: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്തിന് ബെല്‍റ്റ് മുറുക്കി കൊലപ്പെട്ടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട്, കോയിലാണ്ടി ഹാര്‍ബറിന് സമീപത്ത് മായന്‍ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ആസാം സ്വദേശികളും ഡുലു രാജിന്‍റെ സുഹൃത്തുക്കളുമായ മനരഞ്ഞൻ (22), ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്.

ഇന്നലെ വൈകീട്ട് മൂന്ന് പേരും ചേര്‍ന്ന് മായൻ കടപ്പുറത്ത് വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കടപ്പുറത്ത് പാറക്കെട്ടിന് സമീപം ഇന്നലെ വൈകീട്ടോടെ മൂവരും ചേര്‍ന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോള്‍ ഒരാള്‍ കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാളുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

പൊലീസ് സംഭവ സ്ഥലത്തെത്തുന്നതിനിടെ കടല്‍ ചാടിയ ആളെ ഇതിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്, മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഡുലു രാജിന്‍റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലപ്പെട്ടുത്തിയതെന്ന് മനസിലായത്. കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമന്‍ രക്ഷപ്പെട്ടതായും തെളിഞ്ഞു. തുടര്‍ന്ന് രാത്രി തന്നെ പ്രദേശമാകെ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

പരിശോധനയ്ക്കിടെ കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ വച്ച് രണ്ടാമത്തെയാളെയും പൊലീസിന് രാത്രി തന്നെ പിടികൂടാന്‍ കഴിഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹജരാക്കും. മൂവരും കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികളാണ്. കൊയിലാണ്ടി സി ഐ എൻ. സുനിൽ കുമാർ, പയ്യോളി സി ഐ കെ.സി. സുഭാഷ് ബാബു തുടങ്ങിയവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എസ് ഐ എം.എൻ. അനൂപ്, ജയകുമാരി, അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ മുഴുവനും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്

Post a Comment

Previous Post Next Post