'തെലങ്കാനയില്‍ ക്രമക്കേടില്ല, തെളിയിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം രാജി വെക്കും'; ശശി തരൂരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

(www.kl14onlinenews.com)
(19-Oct-2022)

'തെലങ്കാനയില്‍ ക്രമക്കേടില്ല, തെളിയിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം രാജി വെക്കും'; ശശി തരൂരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാവുമായ രാജ്‌മോഹന്‍ ഉ ണ്ണിത്താന്‍. തെലങ്കാനയിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ല. ക്രമക്കേട് തെളിയിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം രാജിവെക്കുമെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
'തെലങ്കാനയിലെ വോട്ടേഴ്‌സ് പട്ടിക ഞാനാണ് തയ്യാറാക്കിയത്. സെന്‍ട്രല്‍ ഇലക്ഷന്‍ അതോറ്റി നല്‍കിയ വോട്ടര്‍മാരുടെ ലിസ്റ്റില്‍ മൂന്ന് വോട്ടര്‍മാരെ മാറ്റിയതായി ഞാന്‍ കണ്ടെത്തിയിരുന്നു. ഈ വോട്ടര്‍മാര്‍ക്കും തിരിച്ച് വോട്ടവകാശം നല്‍കി ലിസ്റ്റ് പുനസ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ശശി തരൂരിന്റെ രണ്ട് ഏജന്റുമാരും വോട്ടെടുപ്പ് തീരുന്നത് വരെ അവിടെയുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് പെട്ടി തുറന്ന് അവരെ കാണിക്കുകയും കഴിഞ്ഞതിന് ശേഷം സീലു ചെയ്ത് അവരുടെ ഒപ്പ് ഇടീക്കുകയും ചെയ്തതാണ്. എല്ലാ നടപടിക്രമങ്ങളും അവരെ ബോധ്യപ്പെടുത്തിയാണ് നടന്നത്', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ആരോപണം തെളിയിക്കാന്‍ അദ്ദേഹം തരൂരിനെ വെല്ലുവിളിക്കുകയും ചെയ്തു. 'വോട്ട് രേഖപ്പെടുത്തിയവരുടെ പട്ടിക ലിസ്റ്റും വോട്ട് ചെയ്തവരുടെ ലിസ്റ്റും തരൂരിന് നല്‍കാം. ഏതെങ്കിലും ഒരു വോട്ട് ഞാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായുണ്ടെങ്കില്‍ എന്റെ പാര്‍ലമെന്റ് അംഗത്വം ഞാന്‍ രാജിവെക്കാം. അങ്ങനെയില്ലെങ്കില്‍ ശശിതരൂര്‍ സ്ഥാനം രാജിവെക്കുമോ?', അദ്ദേഹം ചോദിച്ചു. അനാവശ്യമായി പാര്‍ട്ടിയെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശശി തരൂര്‍ തെലങ്കാനയെ കുറിച്ച് ആരോപണം ഉന്നയിച്ച പോലെയാണ് മറ്റുസ്ഥലങ്ങളിലും ആരോപണം ഉന്നയിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം, തെലങ്കാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നു എന്നായിരുന്നു തരൂര്‍ പക്ഷത്തിന്റെ ആരോപണം. കേരളത്തില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ കൊണ്ട് പോയതില്‍ കൃത്യമായ വിവരം നല്‍കിയില്ലെന്ന് തരൂര്‍ ആരോപിച്ചു. തിങ്കളാഴ്ച്ച വരണാധികാരി ജി പരമേശ്വര പെട്ടികള്‍ കൊണ്ടു പോകും എന്നാണ് നേതൃത്വം അറിയിച്ചതെങ്കിലും ഉപ വരണാധികാരി വി കെ അറിവഴകന്‍ ഇന്നലെയാണ് പെട്ടി കൊണ്ടു പോയതെന്ന് തരൂര്‍ വിഭാഗം പറയുന്നു.
ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്.

Post a Comment

Previous Post Next Post