സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

(www.kl14onlinenews.com)
(22-Oct-2022)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (heavy rain) സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും മഴ തുടരാനുള്ള സാധ്യതയാണുള്ളത്. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് (imd) മുന്നറിയിപ്പ് നൽകി.

ആൻഡമാൻ കടലിലായി നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് ഇവിടെ മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമാകും. തിങ്കളാഴ്‌ചയോടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറും എന്നാണ് ഐഎംഡിയുടെ അറിയിപ്പ്. അതിനാൽ തന്നെ ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ വരാനിരിക്കുന്ന ദിവസങ്ങളിലും ജാഗ്രത തുടരണം.

Post a Comment

Previous Post Next Post