പ്രസവിച്ച് 18ാം ദിവസം ഭാര്യയെ വെട്ടിക്കൊന്ന കേസ്; 43 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്

(www.kl14onlinenews.com)
(04-Oct-2022)

പ്രസവിച്ച് 18ാം ദിവസം ഭാര്യയെ വെട്ടിക്കൊന്ന കേസ്; 43 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്
തൃശൂർ:
തൃശൂർ തളിക്കുളം നമ്പിക്കടവിൽ മാതാപിതാക്കളുടെ കൺമുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്ന ഭർത്താവ് നാടുവിട്ടിട്ട് ഒന്നരമാസം. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ എന്നിവിടങ്ങളിൽ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയ പൊലീസ് വെറുംകയ്യോടെയാണ്  മടങ്ങിയെത്തിയത്. കഴിഞ്ഞ മാസം 20 ന് നടന്ന സംഭവത്തിൽ ക്രൈം ബ്രാബ് അന്വേഷണം ആവശ്യപ്പെടുകയാണ് ഹഷിതയുടെ കുടുംബം. 

പോത്തു വളർത്തൽ, ഐടി കമ്പനി ജീവനക്കാരൻ എന്നിങ്ങനെ ഒരുപാട് മുഖങ്ങളുണ്ടായിരുന്നു മുഹമ്മദ് ആസിഫിന്. കഴിഞ്ഞ മാസം 20 ന് പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് ആസിഫെത്തിയത്.  മകളെ ഉപദ്രവിക്കാനെന്ന തോന്നലുപോലും ഇല്ലാതെയായിരുന്നു ഹഷിതയുടെ മാതാപിതാക്കൾ നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കടന്ന ആസിഫ്‌ ഭാര്യയെ അരുംകൊല ചെയ്യുകയായിരുന്നു.

ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ പിന്തുടർന്നെങ്കിൽ ആസിഫിനെ പിടികൂടാമായിരുന്നുവെന്നാണ് ബന്ധുകൾ പറയുന്നത്. പൊലീസിന്‍റെ അലംഭാവം കൊണ്ടു മാത്രമാണ് പ്രതി രക്ഷപെട്ടതെന്നാണ് ഹഷിതയുടെ കുടുംബത്തിന്‍റെ ആക്ഷേപം. കുഞ്ഞിനേയും ഭാര്യയേും ആസിഫ് സ്നേഹപൂർവം പരിചരിക്കുമെന്ന് കരുതിയിരിക്കുമ്പോളാണ് ഇയാള്‍ ഭാര്യയെ വെട്ടിയത്. തടയാൻ ചെന്ന ഹഷിതയുടെ പിതാവ് നൂർദ്ദിനെയും ആസിഫ് വെട്ടിപരുക്കേൽപിച്ചു. കൊലയ്ക്കു ശേഷം ആസിഫ് മുങ്ങി. മൂന്നു വർഷം നീണ്ടതായിരുന്നു ഇവരുടെ ദാമ്പത്യം. രണ്ടു കുട്ടികളുണ്ട്. ആസിഫ് ഒളിവില്‍ പോയിട്ട് നാൽപത്തിമൂന്നു ദിവസം പിന്നിട്ടു. പൊലീസ് സംഘം തമിഴ്നാട്ടിൽ പലയിടത്തും തിരച്ചിൽ നടത്തി. ഏറ്റവും അവസാനം ആന്ധ്രയിലായിരുന്നു ആസിഫിനെ കണ്ടത്. അവിടുത്തെ പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും മുങ്ങി.

പിന്നീട് മൂന്നാർ വഴി തമിഴ്നാട്, ആന്ധയിലേക്കും പ്രതി കടന്നു. ഏറ്റവും ഒടുവിൽ ബംഗലൂരുവിൽ നിന്ന് ബന്ധുക്കൾക്ക് ആസിഫിന്‍റെ വിളി വന്നു.  ഇതിന് പിന്നാലെ പോയിട്ടും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല. ഇനിയും അക്രമവുമായി പ്രതി എത്തുമെന്ന ഭയത്തിലാണ് ഹഷിതയുടെ മാതാപിതാക്കളുള്ളത്.
ഭാര്യയെ മുറിയിൽ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും  

ആസിഫ് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നുമാണ് ബന്ധുകളുടെ ആരോപണം. അസ്വാഭാവികമായ പെരുമാറ്റമാണ് പ്രതിയുടെ ഭാഗത്തുള്ളതെന്ന്  നാട്ടുകാരും പറയുന്നു. വിവാഹം നടക്കുമ്പോൾ തുണിക്കട ഉടമയായിരുന്നു പ്രതി. പിന്നീട് കച്ചവടം അവസാനിപ്പിച്ചു. രണ്ടു കുഞ്ഞുങ്ങളും ഹഷിതയുടെ രക്ഷിതാക്കളുടെ സംരക്ഷണയിൽ കഴിയുകയാണ്. മകൾക്കു നീതി കിട്ടാനും മനസമാധാനത്തോടെ കഴിയാനും ആസിഫിനെ അറസ്റ് ചെയ്യണമെന്നാണ് ഹഷിതയുടെ ബന്ധുക്കളുടെ ആവശ്യം

Post a Comment

Previous Post Next Post