ഇംഗ്ലീഷ് അറിയാത്തവർക്കും സർട്ടിഫിക്കറ്റ്; 10,000 ദിർഹത്തിന് ലഭിക്കുന്നത് വ്യാജൻ, 3 പേർ അറസ്റ്റിൽ

(www.kl14onlinenews.com)
(17-Oct-2022)

ഇംഗ്ലീഷ് അറിയാത്തവർക്കും സർട്ടിഫിക്കറ്റ്; 10,000 ദിർഹത്തിന് ലഭിക്കുന്നത് വ്യാജൻ, 3 പേർ അറസ്റ്റിൽ
ദുബായ് : 10,000 ദിർഹത്തിന് വ്യാജ ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിറ്റ മൂന്നു തട്ടിപ്പുകാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ട മൂന്നു യുഎഇ നിവാസികൾ സമൂഹമാധ്യമത്തിൽ 10,000 ദിർഹത്തിന് വ്യാജ ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് ദുബായ് പൊലീസ് പറഞ്ഞു.

ഇതിനായി മുൻകൂറായി 5,000 ദിർഹം നൽകിയതായി വഞ്ചിക്കപ്പെട്ടവർ പറഞ്ഞു. തുടർന്ന് ത‌ട്ടിപ്പുകാർ പരീക്ഷ എഴുതിക്കും. ബാക്കിയുള്ള 5,000 ദിർഹം ഇതിനു ശേഷമാണ് നൽകേണ്ടത്. ഇതുപോലെ വിജയിച്ചു എന്നു പറയുന്ന എല്ലാവർക്കും വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഒട്ടും ഇംഗ്ലീഷ് അറിയാത്തവരെയും തങ്ങൾ പരീക്ഷ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പരീക്ഷ എഴുതിക്കുമായിരുന്നുവെന്നു ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജലാഫ് പറഞ്ഞു.

പിന്നീ‌ടാണ് ചതിയിൽപ്പെട്ടവർക്ക് തങ്ങൾ പരീക്ഷയിൽ പാസായിട്ടില്ലെന്നും വ്യാജ സർടിഫിക്കറ്റാണ് ലഭിച്ചതെന്നും തിരിച്ചറിയുക. തട്ടിപ്പുകാർ ആക്രമിക്കുമോ എന്നു ഭയന്നു വഞ്ചിക്കപ്പെട്ട പലരും ഇത് തുറന്നുപറയാനും പരാതി നൽകാനും മടിച്ചതായി മേജർ ജനറൽ അൽ ജല്ലാഫ് പറഞ്ഞു. 10,000 ദിർഹം നഷ്ടപ്പെട്ട ഒരാളാണ് ഇക്കാര്യം ദുബായ് പൊലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങൾ നൽകുന്ന സർടിഫിക്കറ്റ് ഉപയോഗിച്ച് ആർക്കും ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പട്ടാൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

2021ൽ 25,841 പേർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സേനയുടെ വെബ്‌സൈറ്റിൽ ഇ ക്രൈം പ്ലാറ്റ്‌ഫോം ഉപയോഗിച്ചുവെന്ന് ഓഗസ്റ്റിൽ ദുബായ് പൊലീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ഐഇഎൽടിഎസ് പരീക്ഷകൾ നടത്തുന്ന ബ്രിട്ടീഷ് കൗൺസിൽ തങ്ങളുടെ വെബ്‌സൈറ്റിൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് പൊതു അറിയിപ്പ് നൽകി. ബ്രിട്ടീഷ് കൗൺസിൽ ഐഇഎൽടിഎസ് റജിസ്ട്രേഷൻ സൈറ്റുകളായി നടിക്കുന്ന വെബ്‌സൈറ്റുകൾ ഉണ്ടെന്നത് ശ്രദ്ധിക്കണം. ഒരു ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് യഥാർഥ കൗൺസിൽ വെബ്‌സൈറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഏതെങ്കിലും വ്യക്തിഗത വിശദാംശങ്ങൾ നൽകുന്നതിനുമുമ്പ് കൗൺസിൽ ആളുകളെ ഉപദേശിക്കുന്നു.

Post a Comment

أحدث أقدم