സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയില്‍

(www.kl14onlinenews.com)
(15-Sep -2022)

സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയില്‍

കോട്ടയം: സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം കോട്ടയം പാലായില്‍ അറസ്റ്റില്‍. പ്രതികളില്‍ രണ്ടു പേര്‍ സഹോദരന്‍മാരാണ്. പോത്താനിക്കാട് പല്ലാരിമംഗംല സ്വദേശികളായ പ്ലാംതടത്തില്‍ വിഷ്ണു ആനന്ദ് ,സഹോദരന്‍ ജിഷ്ണു ആനന്ദ് ,ആലക്കോട്ടില്‍ ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന് ഇരുപത്തി മൂന്നും ജിഷ്ണുവിന് ഇരുപത്തി ഒന്നും ബാദുഷയ്ക്ക് പതിനെട്ടു വയസും മാത്രമാണ് പ്രായം.

പാലാ പൊന്‍കുന്നം റൂട്ടിലുളള സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററിയാണ് സംഘം മോഷ്ടിച്ചത്. മോഷ്ടിച്ച ബാറ്ററിയുമായി സംഘം പാലാ കാനാട്ട്പാറ പെട്രോള്‍ പമ്പില്‍ എത്തി. ഇവിടെ വച്ച് പമ്പ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഈ തര്‍ക്കം അറിഞ്ഞാണ് പാലാ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച എട്ടു ബാറ്ററികള്‍ വാഹത്തിനുളളില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ബാറ്ററികള്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് എവിടെ നിന്നെങ്കിലും പ്രതികള്‍ സമാനരീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post