ഖത്തർ ഫിഫ ലോകകപ്പ്; ഡിസൈനും നിര്‍മാണവും കലക്കി; ഫൈവ്-സ്റ്റാര്‍ റേറ്റിങ്ങിൽ തിളങ്ങി സ്റ്റേഡിയം 974

(www.kl14onlinenews.com)
(01-Sep -2022)

ഖത്തർ ഫിഫ ലോകകപ്പ്;
ഡിസൈനും നിര്‍മാണവും കലക്കി; ഫൈവ്-സ്റ്റാര്‍ റേറ്റിങ്ങിൽ തിളങ്ങി സ്റ്റേഡിയം 974
ദോഹ : ഖത്തറിന്റെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ സ്റ്റേഡിയം 974 ന് ആഗോള സുസ്ഥിരതാ വിലയിരുത്തല്‍ സിസ്റ്റത്തിന്റെ ഫൈവ്-സ്റ്റാര്‍ റേറ്റിങ്. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് (ഗോര്‍ഡ്) ആണ് റേറ്റിങ് നല്‍കിയത്. 40,000 പേര്‍ക്ക് ഇരിയ്ക്കാവുന്ന സ്റ്റേഡിയത്തിന്റെ പരിസ്ഥിതി സൗഹൃദ ഡിസൈന്‍, നിര്‍മാണം എന്നിവയ്ക്കാണ് ഫൈവ്-സ്റ്റാര്‍ റേറ്റിങ്. കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിന് എ ക്ലാസ് റേറ്റിങ്ങും ലഭിച്ചു. ഇന്നലെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗോര്‍ഡ് അധികൃതര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാര്‍ ബ്ലോക്കുകളും കൊണ്ട് നിര്‍മിച്ചതും പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്നതും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ഫിഫയുടെ ലോകകപ്പ് ചരിത്രത്തിലെ പ്രഥമ സ്റ്റേഡിയമാണ് 974. ഖത്തറിന്റെ സമുദ്രയാന പൈതൃകവും വ്യാപാരവും പ്രതിഫലിക്കുന്നതാണ് ഡിസൈന്‍. പരമ്പരാഗത സ്റ്റേഡിയങ്ങളേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടുള്ള നിര്‍മാണം ആയതിനാല്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം.

ദോഹ കോര്‍ണിഷിനോട് ചേര്‍ന്ന് റാസു അബു അബൗദിലാണ് സ്റ്റേഡിയം 974 സ്ഥിതി ചെയ്യുന്നത്. നവംബര്‍ 22ന് മെക്‌സിക്കോയും പോളണ്ടും തമ്മിലുള്ള പോരാട്ടത്തോടെയാണ് സ്‌റ്റേഡിയത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16 ഉള്‍പ്പെടെ 7 മത്സരങ്ങള്‍ക്കാണ് വേദിയാകുക

Post a Comment

Previous Post Next Post