(www.kl14onlinenews.com)
(28-Sep -2022)
'സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി' റിഹാബ് ഫൗണ്ടേഷനുമായി ബന്ധമെന്ന ബിജെപി ആരോപണം തള്ളി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണ്. പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്നും ദേവര്‍കോവില്‍ പറഞ്ഞു
'റിഹാബ് ഫൗണ്ടേഷനുമായി തന്നെയും തന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്', അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
റിഹാബ് ഫൗണ്ടേഷനുമായി എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഐഎന്‍ല്ലിന്റെ തലവന്‍ പ്രൊഫ മുഹമ്മദ് സുലൈമാന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവനെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന പറഞ്ഞ സുരേന്ദ്രന്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഈ സര്‍ക്കാര്‍ മാനിക്കുന്നെങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയുമായി ബന്ധമുള്ള പാര്‍ട്ടിയുടെ നേതാവ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Post a Comment