(www.kl14onlinenews.com)
(28-Sep -2022)
തിരുവനന്തപുരം :
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിൻ്റെ അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ബിജെപി സർക്കാരിൻ്റെ തീരുമാനം ജനാധിപത്യത്തിനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള പ്രഹരമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി. ബിജെപി ഭരണത്തിൻ്റെ തെറ്റായതും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ ആരൊക്കെ സംസാരിച്ചാലും അവർക്കൊക്കെയും അറസ്റ്റുകളുടെയും റെയ്ഡുകളുടെയും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഫെെസി പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഭരണകൂടം നിഷ്കരുണം അടിച്ചമർത്തുകയാണെന്നും ഫെെസി ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനും വിയോജിപ്പിൻ്റെ ശബ്ദം പ്രകടിപ്പിക്കുന്നതിൽ നിന്ന് ജനങ്ങളെ ഭയപ്പെടുത്താനും ഭരണകൂടം അന്വേഷണ ഏജൻസികളെയും നിയമങ്ങളെയും ദുരുപയോഗം ചെയ്യുകയാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കാണാൻ കഴിയുന്നതെന്നും എംകെ ഫൈസി പറഞ്ഞു.
ഏകാധിപത്യ ഭരണത്തെ ചെറുക്കാനും ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യവും മൂല്യങ്ങളും സംരക്ഷിക്കാനും എല്ലാ മതേതര പാർട്ടികളും ജനങ്ങളും പ്രതിജ്ഞാബദ്ധരാകേണ്ട സമയമാണിതെന്നും ഫൈസി ചൂണ്ടിക്കാട്ടി
Post a Comment