റിസപ്ഷനിസ്റ്റിന്റെ മരണം; മകന്റെ അറസ്റ്റിന് പിന്നാലെ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

(www.kl14onlinenews.com)
(24-Sep -2022)

റിസപ്ഷനിസ്റ്റിന്റെ മരണം; മകന്റെ അറസ്റ്റിന് പിന്നാലെ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍
ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ പുല്‍കിത് ആര്യയുടെ പിതാവ് വിനോദ് ആര്യയേയും
സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപി പുറത്താക്കി. ഇവരെ അടിയന്തരമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡ് പിന്നാക്ക വിഭാഗ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അങ്കിത് ആര്യയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒഴിവാക്കി.

ഇന്ന് രാവിലെയാണ് ഉത്തരാഖണ്ഡില്‍ കാണാതായ 19 കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. തര്‍ക്കത്തെത്തുടര്‍ന്ന് റിസോര്‍ട്ടിന് സമീപമുള്ള തോട്ടിലേക്ക് യുവതിയെ തള്ളിയിട്ടതായും ഇവര്‍ മുങ്ങിമരിച്ചെന്നും പ്രതികള്‍ സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു

ശനിയാഴ്ച രാവിലെ ചില്ല പവര്‍ ഹൗസിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മൃതദേഹം തിരയാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനയെ (എസ്ഡിആര്‍എഫ്) സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പിന്നാലെ മൃതദേഹം കണ്ടെത്താനായി ഗംഗാ നദിയിലെ പശുലോക് ബാരേജ് തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ പ്രതിയുടെ റിസോര്‍ട്ട് പൊളിച്ചു നീക്കി. ബിജെപി നേതാവിന്റെ മകനായ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടാണ് പൊളിച്ചുനീക്കിയത്. ഋഷികേശിലാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ട്. കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയാണ് റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവിട്ടത്.

ഹരിദ്വാറില്‍ നിന്നുള്ള ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. സെപ്റ്റംബര്‍ 18നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും സംഭവത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ റിസോര്‍ട്ടുകളിലും അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് വരുത്താനും നിര്‍ദ്ദേശമുണ്ട്. കൊലപാതകം നിര്‍ഭാഗ്യകരമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പുഷ്‌കര്‍ ധാമി പറഞ്ഞു.

കുറ്റവാളികള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ കെട്ടിടം ഇടിച്ചുനിരത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി യമകേശ്വര് എംഎല്‍എ രേണു ബിഷ്ത് പറഞ്ഞു. വിഷയം ഗൗരവമായി കാണുകയും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത മുഖ്യമന്ത്രിക്ക് നന്ദി. ഇരയുടെ മാതാപിതാക്കളോട് പരാതി നല്‍കിയ സമയത്ത് അപമര്യാദയായി പെരുമാറിയ റവന്യൂ പോലീസ് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതിനും നന്ദിയുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post