കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു

(www.kl14onlinenews.com)
(24-Sep -2022)

കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു
കോഴിക്കോട് :യുപി സ്വദേശിനിയായ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി. 16കാരിയായ കുട്ടിയെ പീഡനശേഷം പ്രതികള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു. യുപി സ്വദേശികളായ നാല് പേരെ പൊലീസ് പിടികൂടി. പ്രതികളെ റെയില്‍വേ പൊലീസ് കസബ പൊലീസിന് കൈമാറി. യുപിയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ കോഴിക്കോട്ടെ ഒരു ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. 

ചെന്നൈയിലുള്ള തന്റെ സഹോദരിയെ കാണാനാണ് വാരാണസിയില്‍ നിന്ന് പട്‌ന-എറണാകുളംം എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ അമ്മ കയറ്റിവിട്ടത്. എന്നാല്‍ ചെന്നൈ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങാന്‍ പോയ പെണ്‍കുട്ടിയെ  ട്രെയിനില്‍ ഉണ്ടായിരുന്ന നാല് പ്രതികള്‍ ചേര്‍ന്ന് തടഞ്ഞു. കുട്ടിയെ ഇവര്‍ ബലമായി പിടിച്ചുവെച്ചു എന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.

തുടര്‍ന്ന് പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ ഒരു  ലോഡ്ജില്‍ ഇവര്‍ മുറിയെടുക്കുകയായിരുന്നു. പിന്നാലെ ലോഡ്ജില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തിയ റെയില്‍വേ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

Post a Comment

Previous Post Next Post