വേൾഡ് കപ്പ്: യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രയുടെ വിശദാംശങ്ങൾ അറിയാം

(www.kl14onlinenews.com)
(01-Sep -2022)

വേൾഡ് കപ്പ്: യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രയുടെ വിശദാംശങ്ങൾ അറിയാം
ദുബായ് :നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് നേരിട്ട് കാണാൻ യുഎഇ കായിക പ്രേമികൾ ഒരുക്കം തുടങ്ങി. ഇന്ത്യക്കാരടക്കം പ്രവാസികളും ഒരു മത്സരമെങ്കിലും ഖത്തർ സ്റ്റേഡിയത്തിൽ കാണാനാണ് കൊതിക്കുന്നത്. യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും വലിയൊരു ശതമാനം മലയാളികൾ ഫുട്ബോൾ പ്രേമികളാണ്. എന്നാൽ, ടിക്കറ്റിന്റെ കാര്യത്തിൽ പലരും ആശങ്കയിലാണ്. എങ്ങനെയാണ് ടിക്കറ്റ് സ്വന്തമാക്കുക എന്നറിയാതെ നിൽക്കുന്നവരും ഒട്ടേറെ.

ടിക്കറ്റിന് വൻ ഡിമാൻഡ്

ഔദ്യോഗിക ഏജന്റുമാർ റെക്കോർഡ് ടിക്കറ്റ് വിൽപന കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വലിയ ഡിമാൻഡാണ് ഉള്ളതെന്നും അറിയിച്ചു. ആതിഥേയരായ ഖത്തറും ഇക്വഡോറും നവംബർ 20 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെയാണ് കായിക മാമാങ്കത്തിന്റെ കിക്ക്ഓഫ്. യുഎഇ നിവാസികൾ മേഖലയിലെ ഏറ്റവും വലിയ കായികമേളയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഇനിയും വൈകരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്ര

ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും സൗകര്യപ്രദമായ യാത്ര വിമാനത്തിലാണ്. പക്ഷേ, ഇതിന് ചെലവേറാൻ സാധ്യതയുണ്ട്. ഖത്തറിലേക്കുള്ള ഡ്രൈവിങ് നിയമങ്ങൾ മാറിയതിനാൽ കാറിൽ പോകാനുദ്ദേശിക്കുന്നവർ കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ഖത്തറിന്റെ അബു സമ്ര ലാൻഡ് ബോർഡർ ക്രോസിങ്ങിൽ സൗദി അറേബ്യയുമായുള്ള സൽവ റോഡിൽ കാർ പാർക്ക് ചെയ്ത ശേഷം 90 കിലോമീറ്റർ അകലെയുള്ള ദോഹയിലേക്ക് സൗജന്യ ഷട്ടിൽ ബസിൽ കയറണം.

∙ ഡിസംബർ 9-ന് ദോഹയിലേക്കുള്ള വിമാനത്തിൽ പറന്ന് പിറ്റേന്ന് (10-ന്) മടങ്ങാൻ, നിലവിൽ ഫ്ലൈദുബായിൽ 1,000 ദിർഹത്തിന് താഴെ ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 11-ന് തിരികെ പറക്കാൻ ഖത്തർ എയർവേയ്‌സിൽ 500 ദിർഹം അധികം നൽകേണ്ടിവരും. യുഎഇയിലെ ഫിഫയുടെ ഔദ്യോഗിക ഏജന്റുമാരായ എക്‌സ്പാറ്റ് സ്‌പോർട്ടിൽ നിന്ന് മാച്ച് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ ലഭ്യമാണ്.

യുഎഇ കളികണ്ടുണരും

ഏത് ലോകകപ്പിനും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന യുഎഇയിലാണെന്ന് എക്‌സ്‌പാറ്റ് സ്‌പോർട്ടിന്റെ മാനേജിങ് ഡയറക്ടർ അലൻ ഹോൾട്ട് പറയുന്നു. യുഎഇ നിവാസികൾക്കുള്ള ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ പാക്കേജ് ക്വാർട്ടർ ഫൈനൽ ആയിരിക്കും. ഇത് ഒരു നീണ്ട വാരാന്ത്യമാണ്, അതിനാൽ ലോകത്തിലെ മുൻനിര ടീമുകളെ കാണാൻ ആളുകൾക്ക് വെള്ളിയാഴ്ച ജോലിയിൽ നിന്ന് അവധിയെടുത്താൽ മതി. യുഎഇ ആസ്ഥാനമായുള്ള ഫുട്ബോൾ ആരാധകർക്ക് ഇത് അവിശ്വസനീയമായ ഫുട്ബോൾ ആയിരിക്കും. കൂടാതെ സ്റ്റേഡിയങ്ങളിലെയും ദോഹയിലെയും ആവേശകരമായ അന്തരീക്ഷം ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.

അപ്പോൾ, താമസത്തിന്റെ കാര്യമോ?

എക്‌സ്പാറ്റ് സ്‌പോർട്ടിന് ആറ് തലത്തിലുള്ള മാച്ച് ഹോസ്പിറ്റാലിറ്റി പാക്കേജുകളുണ്ട്. സ്‌റ്റേഡിയത്തിന്റെ ഒരു പ്രത്യേക വിഭാഗത്തിലെ സീറ്റുകൾക്ക് 3,500 ദിർഹം മുതൽ ആരംഭിക്കുന്നു. കൂടാതെ നാല് മണിക്കൂർ ടെന്റഡ് ഹോസ്പിറ്റാലിറ്റിയും പാർക്കിങ്ങും ലഭിക്കും.

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ താമസ സൗകര്യങ്ങൾ ദോഹയിൽ ലഭ്യമാണ്. അതേസമയം മത്സര ടിക്കറ്റുകൾ ഫിഫയിൽ നിന്ന് നേരിട്ട് വാങ്ങാം. എല്ലാ സ്റ്റേഡിയങ്ങളും താരതമ്യേന അടുത്തായതിനാൽ, ആതിഥേയ നഗരത്തിൽ നിന്ന് പുറത്തുപോകാതെ രണ്ട് ദിവസങ്ങളിലായി രണ്ട് മത്സരങ്ങൾ കാണാൻ കഴിയുന്ന ആദ്യത്തെ ലോകകപ്പായിരിക്കും ഇത്. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ഖത്തറിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്. ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായതിനാൽ ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം ഉൾപ്പെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും. യോഗ്യത നേടുന്ന മികച്ച ടീമുകൾ അവിടെ കളിക്കുമെന്നാണ് പ്രതീക്ഷ.

ഡിജിറ്റൽ ഹയ്യ കാർഡ് നിർബന്ധം

നവംബർ 20 നും ഡിസംബർ 18 നും ഇടയിൽ നടക്കുന്ന ലോകകപ്പിൽ ദോഹ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഒരു ഡിജിറ്റൽ ഹയ്യ കാർഡ് ഉണ്ടായിരിക്കണം.  ഇത് ഖത്തറിലേയ്ക്കുള്ള മുൻകൂർ അംഗീകൃത എൻട്രി പെർമിറ്റാണ്. ഔദ്യോഗിക മത്സര ടിക്കറ്റ് കൈവശം വച്ചാൽ മാത്രമേ ഇത് ആക്‌സസ് ചെയ്യാൻ കഴിയൂ. സ്റ്റേഡിയം പ്രവേശനത്തിനും ഹയ്യ കാർഡ് അത്യാവശ്യമാണ്. കൂടാതെ സൗജന്യ ബസ് സർവീസുകളിലും ദോഹ മെട്രോയില്‍ പ്രവേശിക്കാനും ഇൗ കാർഡ് വേണം. ഫിഫ വെബ്‌സൈറ്റിൽ ആരാധകർക്ക് കാർഡിനായി റജിസ്റ്റർ ചെയ്യാം.

 ഇപ്പോഴും വിമാനം ബുക്ക് ചെയ്യാൻ കഴിയുമോ? 

പിന്നല്ലാതെ! കൊമേഴ്‌സ്യൽ എയർ ട്രാവൽ ആയിരിക്കും ഏറ്റവും പ്രിയപ്പെട്ട റൂട്ട്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ചാർട്ടേഡ് വിമാനങ്ങളും സ്വകാര്യ ജെറ്റുകളും ദോഹ രാജ്യാന്തര വിമാനത്താവളത്തിലും എത്തും.  യുഎഇയിൽ നിന്ന് ആരാധകർക്ക് ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളിൽ വിമാനങ്ങൾ പിടിക്കാം.  

ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യുഎഇ എന്നീ ആറ് ജിസിസി രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് യാത്ര ചെയ്യുന്ന ആർക്കും കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ടൂർണമെന്റിലുടനീളം കർശനമായ കോവിഡ് -19 നടപടികൾ നിലനിൽക്കാൻ സാധ്യതയുണ്ട്.  

 മൊബൈൽ അണുനാശിനി റോബട്ടുകൾ

മൊബൈൽ അണുനാശിനി റോബട്ടുകൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു, അതേസമയം സ്മാർട് സ്ക്രീനിങ് ഹെൽമെറ്റുകൾ ടെർമിനലിലുടനീളം യാത്രക്കാരുടെ താപനില അളക്കാൻ ജീവനക്കാരെ സഹായിക്കുന്നു.  വിമാനത്താവളത്തിൽ എൻട്രി പോയിന്റുകളിൽ 38 തെർമൽ സ്‌ക്രീനിങ് ക്യാമറകളും ഉണ്ട്. മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്. 

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും ദോഹയിലേക്ക് സൗദി പ്രതിദിനം 40 ഷട്ടിൽ വിമാനങ്ങൾ നടത്തും, ഇത് സൗദി ടീമിന്റെ മത്സര ദിവസങ്ങളിൽ ദിവസേന 60 വിമാനങ്ങളായി വർധിപ്പിക്കും. റിയാദിൽ നിന്ന് ദോഹയിലേക്ക് 90 മിനിറ്റ് വിമാന യാത്രയേ ഉള്ളൂ.

പ്രവേശനത്തിന് പിസിആർ ടെസ്റ്റോ വാക്സിനേഷനോ വേണോ?

ഖത്തർ എൻട്രി റജിസ്‌ട്രേഷൻ എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത യാത്രാ രേഖയാണ്. നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഉൾപ്പെടെയുള്ള ആരോഗ്യ, വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തും.  മത്സര ടിക്കറ്റ് കൈവശമുള്ളവർ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം.  

യാത്രാ ഉപദേശം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്ന് തിരഞ്ഞെടുത്ത എയർലൈനിന്റെ ഏറ്റവും പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും പരിശോധിക്കാൻ സന്ദർശകരോട് അഭ്യർഥിക്കുന്നു.  ഖത്തർ ഗവൺമെന്റ് എഹ്‌തെറാസ് ആപ്പ് വഴി സ്റ്റേഡിയം പ്രവേശനത്തിനും പൊതുഗതാഗത ഉപയോഗത്തിനും വാക്‌സിനേഷന്റെ തെളിവ് ആവശ്യമാണ്. യുഎഇയുടെ  അൽ ഹോസ്‌നും മറ്റ് ജിസിസി അംഗീകൃത മൊബൈൽ ആപ്പുകളും യൂറോപ്യൻ പാസ് ആപ്പും യുകെയുടെ എൻഎച്ച്എസ് കോവിഡ് പാസും സ്വീകരിക്കും.

ദോഹയിൽ എവിടെ താമസിക്കും? 

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ടി1 മെട്രോ സ്റ്റേഷനിൽ നിന്ന് നേരിട്ട് സെൻട്രൽ ദോഹയിലേക്ക് മെട്രോ റെഡ് ലൈനിൽ കയറാം.  നവംബർ 11 മുതൽ ഡിസംബർ 23 വരെ ദോഹ മെട്രോയുടെ സൗജന്യ ഉപയോഗം ഡിജിറ്റൽ ഹയ്യ കാർഡുകൾ വഴി ലഭ്യമാണ്.

 ലോകകപ്പിനായി കർവ പബ്ലിക് എയർപോർട്ട് ബസ് സർവീസുകൾ വിപുലീകരിക്കും.  എല്ലാ ബസ് സ്റ്റേഷനുകളിലും ലിഫ്റ്റുകളും വീൽചെയറുകൾക്കുള്ള സ്ഥലവുമുണ്ട്. കൂടാതെ ഗൈഡ് നായ്ക്കളെയും അനുവദിക്കും.  ടർക്കോയിസ് കർവ ടാക്സികൾ വഴിയോ സ്വകാര്യ ഊബർ, കരീം സേവനങ്ങൾ വഴിയോ 24 മണിക്കൂറും എത്തിച്ചേരുന്ന ഹാളിൽ നിന്ന് ടാക്സികൾ ലഭ്യമാണ്.   ദോഹ വെസ്റ്റ് ബേയിലെ ഗ്രാൻഡ് ടെർമിനലിലെ ക്രൂയിസ് ഷിപ്പ് ഹോട്ടലുകളിലും നവംബർ 14 നും ഡിസംബർ 18 നും ഇടയിൽ മറ്റ് ഔദ്യോഗിക താമസ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് എച്ച് എഎ യിൽ നിന്ന് ഷട്ടിൽ ബസുകൾ നൽകും.  ഹയ്യ ടു ഖത്തർ 2022 മൊബൈൽ ആപ്പ് ഉപയോഗിച്ച് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം.  ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഗോൾഡ് ലൈൻ വഴി നേരിട്ട് സെൻട്രൽ ദോഹയിലേക്ക് പോയി റെഡ് ലൈനിൽ എയർപോർട്ടിന് സമീപമുള്ള അൽ മതർ അൽ ഖദീം മെട്രോ സ്റ്റേഷനിലേക്കു മടങ്ങാം.  എയർപോർട്ടിന്റെ ആഗമന ഹാളിനും സൗഖ് വാഖിഫ് ബസ് ഹബ്ബിനും ഇടയിൽ ഒരു മൊവാസലാത്ത് ഷട്ടിൽ ബസ് നമ്പർ എ840 പ്രവർത്തിക്കും.

ദോഹയിലേക്ക് ഡ്രൈവ് ചെയ്താലോ? 

ഖത്തറിലേക്കുള്ള റോഡ് പ്രവേശനം സൗദി അറേബ്യയുമായുള്ള അബു സംര ലാൻഡ് ബോർഡർ ക്രോസിങ് വഴിയാണ്. എന്നാൽ ഡ്രൈവർമാർ തങ്ങളുടെ വാഹനം സൗദിയുടെ അതിർത്തിയിൽ ഉപേക്ഷിച്ച് മധ്യ ദോഹയിലേക്കുള്ള യാത്രകൾക്ക് സൗജന്യ ഷട്ടിൽ ബസ് എടുക്കണം.  സൗദി അറേബ്യയിലേക്കും ഖത്തറിലേക്കുമുള്ള എൻട്രി വീസ, ഇൻഷുറൻസ്, ഡ്രൈവിങ് പെർമിറ്റുകൾ എന്നിവ കൈവശമുണ്ടെങ്കിൽ ദുബായിൽ നിന്ന് ഖത്തർ അതിർത്തിയിലേക്കുള്ള 695 കിലോമീറ്റർ മരുഭൂമി വഴിയോ അബുദാബിയിൽ നിന്ന് 588 കിലോമീറ്റർ യാത്രയോ ചെയ്യാം.  

റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് അവരുടെ അംഗീകൃത ഹയ്യ കാർഡും മറ്റേതെങ്കിലും ഇമിഗ്രേഷൻ രേഖകളും ആവശ്യമാണ്.  അതിർത്തി കടന്ന ശേഷം, സൗജന്യ ബസ് നമ്പർ ബി811 ഗ്രീൻ ലൈനിലെ അൽ മെസ്സില മെട്രോ സ്റ്റേഷനിലേക്കു കൊണ്ടുപോകും.  മടക്കയാത്രയിൽ, ഷട്ടിൽ ബസ് അൽ മെസില സ്റ്റേഷനിൽ നിന്ന് കര അതിർത്തിയിലേക്ക് തിരികെ കൊണ്ടുപോകും.  സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം.

കടൽ മാർഗം ദോഹയിൽ എത്താമോ?

ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ചാർട്ടേഡ് ക്രൂയിസ് കപ്പലുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എല്ലാ യാത്രാ ക്രമീകരണങ്ങളും ക്രൂയിസ് ഓപറേറ്റർമാരാണ് സംഘടിപ്പിക്കുന്നതെങ്കിലും ഹമദ് തുറമുഖത്ത് ഡോക്ക് ചെയ്യും.  ക്രൂയിസ് കപ്പലുകൾ ഖത്തറിലെ സ്റ്റോപ്പ് ഓവറുകൾക്കായി ഹമദ് തുറമുഖത്ത് നങ്കൂരമിടും. ചിലത് ലോകകപ്പ് സമയത്തേക്ക് ഫ്ലോട്ടിങ് ഹോട്ടലുകളായി ഉപയോഗിക്കും.

ഖത്തർ ഒന്ന് ചുറ്റിക്കറങ്ങുകയും ചെയ്യാം..

 താരതമ്യേന ചെറിയ ഈ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. പ്രത്യേകിച്ച് ഹയ്യ കാർഡ് പൊതുഗതാഗതത്തിന്റെ സൗജന്യ ഉപയോഗം വാഗ്ദാനം ചെയ്യുന്നതിനാൽ.  

ദോഹയിലെ മെട്രോയ്ക്ക് മൂന്ന് ലൈനുകളുണ്ട് - ഗോൾഡ്, ഗ്രീൻ, റെഡ് ലൈനുകൾ 37 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു. ഓരോ മൂന്ന് മിനിറ്റിലും ട്രെയിനുകൾ ഓടുന്നു.  സൗജന്യ മെട്രോലിങ്ക് ബസുകൾ സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ഉപയോഗപ്രദമായ റൂട്ടുകളിൽ ഓടുന്നു, അതേസമയം സൗജന്യ മെട്രോ എക്സ്പ്രസ് മിനിബസുകൾ സ്റ്റേഷനുകൾക്കും സമീപ സ്ഥലങ്ങൾക്കും ഇടയിൽ യാത്രക്കാരെ എത്തിക്കും.  Karwa Taxi ആപ്പ് വഴി സീറ്റുകൾ ബുക്ക് ചെയ്യാം

ലോകകപ്പ് സമയത്ത് മെട്രോയുടെ പ്രവർത്തന സമയം നീട്ടും. നവംബർ 17 മുതൽ ഡിസംബർ 20 വരെ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ പുലർച്ചെ 3 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 3 വരെയും ട്രെയിനുകൾ ഓടും. 

മൂന്ന് ട്രാം സംവിധാനങ്ങളുമുണ്ട്.  ലുസൈൽ ട്രാം റെഡ് ലൈനിലെ ലെഗ്തൈഫിയ സ്റ്റേഷൻ വഴി മെട്രോയുമായി ബന്ധിപ്പിക്കുന്നു, ഗ്രീൻ ലൈനിലെ എജ്യുക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി, അൽ ഷബാബ് സ്റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. മഷിറബ് ട്രാം മഷിറബ് മെട്രോ സ്റ്റേഷൻ ഹബ്ബിനെ  ദോഹയിലെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു.  ദോഹയിലെങ്ങും പബ്ലിക് ബസുകളും സർവീസ് നടത്തുന്നു. ബർവ മദീനത്ന, സൂഖ് വാഖിഫ് നോർത്ത്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവ ബരാഹത്ത് എന്നിവിടങ്ങളിൽ നിന്ന് സൗജന്യ സ്റ്റേഡിയം ബസ് സർവീസ് ഉണ്ടായിരിക്കും.  കിക്ക് ഓഫിന് നാല് മണിക്കൂർ മുമ്പ് സർവീസുകൾ പ്രവർത്തിക്കുകയും അവസാന വിസിലിന് 90 മിനിറ്റിന് ശേഷം അവസാനിക്കുകയും ചെയ്യും. ഫുട്ബോൾ പ്രേമികളേ, ഇനിയും മടിച്ചു നിൽക്കാതെ ഒരു യാത്രാ പദ്ധതി തയാറാക്കൂ.

Post a Comment

Previous Post Next Post