(www.kl14onlinenews.com)
(21-Sep -2022)
ദോഹ: നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ലോകകപ്പ് ഫുട്‌ബാള്‍ ആസ്വദിക്കുന്നതിന് വിവേചനങ്ങളും വേര്‍തിരിവുകളുമില്ലാതെ ഖത്തര്‍ അതിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമീര്‍ ശൈഖ് തമീം ഹമദ് ആല്‍ഥാനി പറഞ്ഞു. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 77ാം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനിനും റഷ്യക്കുമിടയിലുള്ള സംഘര്‍ഷത്തില്‍ സമാധാനപരമായ രീതിയില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും വെടിനിര്‍ത്തലിന് അഭ്യർഥിക്കുകയാണെന്നും അമീര്‍ വ്യക്തമാക്കി.
ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഖത്തറിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയാണെന്നും നീതിക്കായുള്ള അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കൊപ്പമാണ് ഖത്തറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലും അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തം സുരക്ഷ സമിതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാഖിലും ലബനാനിലും യമനിലും ദേശീയ അഭിപ്രായഐക്യം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സമാധാനശ്രമങ്ങള്‍ക്ക് മുന്നിലുണ്ടാകണം. ലിബിയയിലെ രാഷ്ട്രീയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം ഭരണഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനുള്ള യോജിപ്പിലെത്തണമെന്നും അഭ്യർഥിക്കുന്നു -അമീര്‍ വിശദീകരിച്ചു.
അഫ്ഗാനിസ്താനിലെ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അവിടത്തെ സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെയും സംരക്ഷിക്കണം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം. അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ അപകടങ്ങള്‍ സംബന്ധിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ഖത്തര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുമ്പൊരിക്കലുമില്ലാത്ത ഊര്‍ജപ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നൂറ് കോടിക്കടുത്ത് ജനങ്ങള്‍ ഇപ്പോഴും ഊര്‍ജത്തിന്റെ പ്രാഥമിക സ്രോതസ്സുകളുടെ അഭാവത്തിലാണ് കഴിയുന്നത് -യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ അമീര്‍ ചൂണ്ടിക്കാട്ടി.
Post a Comment