ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍; ഒരുപറ്റം വീഴ്ചകൾ, മുതലാക്കി പാക്കിസ്ഥാൻ; കോലിയുടെ ഒറ്റയാൻ പോരാട്ടവും വിഫലം

(www.kl14onlinenews.com)
(05-Sep -2022)

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍;
ഒരുപറ്റം വീഴ്ചകൾ, മുതലാക്കി പാക്കിസ്ഥാൻ; കോലിയുടെ ഒറ്റയാൻ പോരാട്ടവും വിഫലം
ദുബായ് : ഒന്നല്ല, ഒരുപറ്റം വീഴ്ചകൾ. അവയെല്ലാം മുതലാക്കിയ പാക്കിസ്ഥാൻ ഏഷ്യാ‍ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയിൽനിന്ന് വിജയം പിടിച്ചുവാങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന് ഇത്തവണ 5 വിക്കറ്റ് വിജയം. സ്കോ‍ർ: ഇന്ത്യ – 20 ഓവറി‍ൽ 7ന് 181, പാക്കിസ്‍ഥാൻ– 19.5 ഓവറിൽ 5ന് 182. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് വലിയ സ്കോർ നേടുന്നതിനു തടസ്സമായി. ബോളിങ്ങിൽ, നിർണായക ഓവറുകളിൽ വിട്ടുകൊടുത്ത എക്സ്ട്രാ റൺസും നഷ്ടപ്പെടുത്തിയ ക്യാച്ചും കൂടിയായതോടെ തോൽവി പൂർണം. ഒരേയൊരു പന്തു ബാക്കിവച്ചാണ് പാക്കിസ്ഥാൻ മത്സരം ജയിച്ചത്. ബാറ്റിങ്ങിൽ 10–20 റൺസ് കൂടുതൽ നേടാനോ എക്സ്ട്രാ റൺസ് (ഇന്ത്യ വഴങ്ങിയത് 8 എക്സ്ട്രാ റൺസ്) വിട്ടുനൽകുന്നതിൽ പിശുക്കു കാട്ടാനോ ഇന്ത്യയ്ക്കു സാധിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല മത്സരഫലം. ഇന്ത്യൻ ഇന്നിങ്സിനെ ഒറ്റയ്ക്കു തോളേറ്റിയ വിരാട് കോലിയുടെ അർധസെഞ്ചറിയും (44 പന്തിൽ 60 റൺസ്) വിഫലമായി.

ഓപ്പണർ മുഹമ്മദ് റിസ്‌വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സുകളാണ് പാക്കിസ്ഥാനു വിജയമൊരുക്കിയത്. നവാസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ ബോളർമാരിൽ യുസ്‌വേന്ദ്ര ചെഹൽ (4 ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റ്), ഭുവനേശ്വർ കുമാർ (4 ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ്), ഹാർദിക് പാണ്ഡ്യ (4 ഓവറി‍ൽ 44 റൺസ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവർക്കു പാക്ക് ബാറ്റർമാരിൽ കാര്യമായ മേധാവിത്വം നേടാൻ സാധിച്ചില്ല. ബാബർ അസം (14), ഫഖർ സമാൻ (15) എന്നിവർ പുറത്തായതോടെ 8.4 ഓവറിൽ 2ന് 63 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. പിന്നീട് റിസ്‌വാനും നവാസും ചേർന്നു കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർ കാഴ്ചക്കാരായി. 20 പന്തിൽ 42 റൺസെടുത്ത നവാസാണ് പാക്ക് ലക്ഷ്യം ലഘൂകരിച്ചത്. 15.3 ഓവറിൽ നവാസ് പുറത്താകുമ്പോഴേയ്ക്കും പാക്കിസ്ഥാൻ 136 റൺസിലെത്തിയിരുന്നു.

രവി ബിഷ്ണോയി എറിഞ്ഞ 18–ാം ഓവറിൽ അർഷ്ദീപ് സിങ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞു. 19–ാം ഓവർ എറിയാനെത്തിയ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ഭുവനേശ്വർ കുമാർ ആ ഓവറിൽ വഴങ്ങിയത് 19 റൺസാണ്. ഇതും ഇന്ത്യയ്ക്കു തിരിച്ചടിയായി. നേരത്തേ, അർധ സെഞ്ചറി പിന്നിട്ട വിരാട് കോലിയുടെ ഇന്നിങ്സ് (44 പന്തിൽ 60) ആയിരുന്നു ഇന്ത്യൻ സ്കോറിങ്ങിന്റെ നട്ടെല്ല്. ഓപ്പണർമാരായ രോഹിത് ശർമയുടെയും (16 പന്തിൽ 28), കെ.എൽ.രാഹുലിന്റെയും (20 പന്തിൽ 28) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയ്ക്ക് ആവേശത്തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതു സ്കോറിങ്ങിനു തടസ്സമായി. പാക്ക് സ്പിന്നർ ഷദാബ് ഖാൻ ആദ്യ പന്തിൽ രാഹുലിന്റെ വിക്കറ്റെടുത്തു. മുഹമ്മദ് നവാസ് സൂര്യകുമാർ യാദവിനെയും (10 പന്തിൽ 13) പുറത്താക്കി. ഇരുവരുടെയും ബോളിങ്ങാണ് മധ്യ ഓവറുകളിൽ‌ ഇന്ത്യൻ സ്കോറിങ് പിടിച്ചുനിർത്തിയത്. ഋഷഭ് പന്ത് (12 പന്തിൽ 14), ഹാർദിക് പാണ്ഡ്യ (2 പന്തിൽ 0), ദീപക് ഹൂഡ (14 പന്തിൽ 16) എന്നിവരും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

വിക്കറ്റ് വീഴ്ചയ്ക്കിടയിലും കോലിയുടെ ഒറ്റയാൻ പോരാട്ടം ഇന്ത്യൻ സ്കോറുയർ‌ത്തി. 4 ഫോറും ഒരു സിക്സും പറത്തി കോലി റൺ‌റേറ്റ് പിടിച്ചുനിർത്തി. 19–ാം ഓവറിലെ നാലാമത്തെ പന്തിലാണ് കോലി പുറത്തായത്. തുടർന്നു 2 ഫോർ നേടിയ രവി ബിഷ്ണോയിയാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്.

Post a Comment

Previous Post Next Post