കടകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തി നാടുവിട്ട് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബാംഗ്ലൂർ നിന്ന് പൊലീസ് പൊക്കി

(www.kl14onlinenews.com)
(10-Sep -2022)

കടകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തി നാടുവിട്ട് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബാംഗ്ലൂർ നിന്ന് പൊലീസ് പൊക്കി
പാലാ: കോട്ടയം ഈരാറ്റുപേട്ട ടൗണിലെ കടകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തി നാടുവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കാനായിരുന്നു മോഷണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
ഒന്നല്ല, ഈരാറ്റുപേട്ട ടൗണിലെ മൂന്ന് കടകളിലാണ് കഴിഞ്ഞയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപയും അമ്പതിനായിരം രൂപയിലേറെ വിലവരുന്ന മൊബൈല്‍ ഫോണുകളുമായിരുന്നു മോഷ്ടിക്കപ്പെട്ടത്.

ദേഹമാസകലം മഴക്കോട്ടു കൊണ്ടു മൂടി എത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നെങ്കിലും ആളുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ ഫുറൂസ് ദിലീഫാണ് മോഷ്ടാവെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഫുറൂസ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ടൗണില്‍ തന്നെ പഴക്കച്ചവടം നടത്തുന്ന റിലീസ് മുഹമ്മദിനാണെന്നും പൊലീസ് കണ്ടെത്തി.

ആദ്യം റിലീസിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫുറൂസ് ബം​ഗളൂരുവിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഈരാറ്റുപേട്ട പൊലീസ് സംഘം അങ്ങോട്ടേയ്ക്ക് പുറപ്പെട്ടെന്നറിഞ്ഞ് ഫുറൂസ് കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം വിജയിക്കും മുമ്പേ ഫുറൂസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മോഷണം നടത്തിയ കടകളില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി.

ഇരുപത്തിയെട്ട് വയസ് മാത്രമാണ് ഫുറൂസിന്‍റെ പ്രായം. കഴിഞ്ഞ കുറച്ചു നാളുകളായി ആലപ്പുഴ കേന്ദ്രീകരിച്ച് ഹോം സ്റ്റേ നടത്തിവരികയായിരുന്നു ഫുറൂസ്. എന്നാല്‍ വഴിവിട്ട ജീവിതം മൂലം ഇത് നഷ്ടത്തിലായി. ഇതോടെ ആഡംബര ജീവിതത്തിന് പണമില്ലാതായി. പണം കണ്ടെത്താനാണ് പട്ടാപ്പകല്‍ കടകളില്‍ കയറി മോഷ്ടിച്ചതെന്നാണ് ഫുറൂസ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍,എസ്ഐ വി വി വിഷ്ണു,തോമസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം

Post a Comment

Previous Post Next Post