കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

(www.kl14onlinenews.com)
(19-Sep -2022)

കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. താന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ശ്രീറാമിനെ വാഹനം നല്‍കി ഓടിക്കാന്‍ പ്രേരിപ്പിച്ചത് വഫയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്‌ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഒന്നാം പ്രതി ശ്രീംറാം വെങ്കിട്ടരാമനും വാക്കാല്‍ കോടതിയെ അറിയിച്ചു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post