പേവിഷ ബാധയുളള നായകളെയും അക്രമകാരികളായ നായകളെയും കൊല്ലാൻ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

(www.kl14onlinenews.com)
(27-Sep -2022)

പേവിഷ ബാധയുളള നായകളെയും അക്രമകാരികളായ നായകളെയും കൊല്ലാൻ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: പേവിഷ ബാധയുളള നായകളെയും അക്രമകാരികളായ നായകളെയും കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. തെരുവുനായകളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി എബിസി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയായി മൃഗങ്ങളിൽ നിന്നും അസുഖങ്ങൾ പകരുമ്പോൾ, രോഗ വ്യാപികളായ മൃഗങ്ങളെയും, പക്ഷികളെയും കൊല്ലാറുണ്ട്. എന്നാൽ നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് അക്രമകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് പകരം പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്തെ ചട്ടങ്ങൾ പ്രകാരം പേപ്പട്ടികളെയും അക്രമകാരികളുമായ തെരുവ് നായകളെയും കൊല്ലാം. ഈ സാഹചര്യത്തിൽ ഇത്തരം തെരുവുനായകളെ കൊല്ലാൻ അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു. തെരുവുനായ ശല്യം കൂടുതലായ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സംഘടനകളുടെ സഹകരണത്തോടെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post