പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ

(www.kl14onlinenews.com)
(16-Sep -2022)

പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ
ദോഹ: പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്.
ഖത്തറിന്റെ സംസ്‌കാരം, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് പുതിയ ചിഹ്നം. പരമ്പരാഗത മൂല്യങ്ങളെയും, സാംസ്‌കാരിക തനിമയെയും ചേർത്ത് പിടിച്ച് കൊണ്ട് ഭാവിയിലേക്ക് ദൃഷ്ടിയൂന്നുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മുൻ ലോഗോയിൽ ഉപയോഗിച്ച അതേ ഘടകങ്ങൾ നിലനിറുത്തിത്തന്നെയാണ് ചിഹ്നം പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. 1976ന് ശേഷം ആദ്യമായാണ് ദേശീയ ചിഹ്നം നവീകരിക്കുന്നത്.

ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പരമ്പരാഗത മോട്ടോർ പവർ ബോട്ടായ 'ഫത് അൽ ഖൈർ' എന്ന ബോട്ടിന്റെ ചിഹ്നവും ഖത്തറി പൈതൃകത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ കടലും ദേശീയ ചിഹ്നത്തിൽ ഉൾകൊള്ളുന്നുണ്ട്. ഒരു കാലത്ത് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു സമുദ്രം. കൂടാതെ രാജ്യത്തിന്റെ മൂന്നുവശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക വികസനത്തിൽ കടലിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് പുതിയ ചിഹ്നം.
ചിഹ്നത്തിലെ വാൾ അഭിമാനത്തിന്റെയും കരുത്തിന്റെയും കരുതലിന്റെയും സുരക്ഷയുടേയും പ്രതീകമായാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ മറ്റൊരു മുഖമായ ഈന്തപ്പനയേയും പുതിയ ചിഹ്നത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post