നിയമസഭാ കയ്യാങ്കളിക്കേസ്; വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി, വിചാരണയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(02-Sep -2022)

നിയമസഭാ കയ്യാങ്കളിക്കേസ്; വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി, വിചാരണയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി :നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികള്‍ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതോടെ പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരും.

കേസില്‍ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞഹമ്മദ്, കെ അജിത്, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പ്രതികള്‍ ആരോപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തിയെന്നാണ് കേസ്. 2.20 ലക്ഷം രൂപയുടെ നാശനഷ്ടം അന്നുണ്ടായി. കേസ് നിലവിൽ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കേസിലെ പ്രതികളോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് സെപ്തംബർ 14ന് അന്തിമ അവസരം കോടതി നൽകിയത്

Post a Comment

Previous Post Next Post