സ്കൂൾ ബസിനുളളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

(www.kl14onlinenews.com)
(12-Sep -2022)

സ്കൂൾ ബസിനുളളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിനുളളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികളായവർക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. കുട്ടിയുടെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് - സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസ (4) ആണ് മരിച്ചത്. അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർഡണിലെ കെജി 1 വിദ്യാർത്ഥിനിയാണ് മിൻസ. ഇന്നലെ മിൻസയുടെ പിറന്നാൾ ദിനമായിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു. ബസിനുളളിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.
ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ ബസ് എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post