കാസർകോട് നഗരസഭ സമ്പൂർണ ഡിജിറ്റലാവുന്നു

(www.kl14onlinenews.com)
(29-Sep -2022)

കാസർകോട് നഗരസഭ സമ്പൂർണ ഡിജിറ്റലാവുന്നു
കാസര്‍കോട്:
കാസര്‍കോട് നഗരസഭയും സമ്പൂര്‍ണമായി ഡിജിറ്റലാവുന്നു. നഗരസഭയിലെ സ്ഥിതിവിവരം സര്‍വ്വേ നടത്തി ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. നഗരസഭയിലെ അടിസ്ഥാന വിവരങ്ങൾ
മുഴുവന്‍ ശേഖരിക്കും.
ജിയോ – ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. നഗരസഭയിലെ മുഴുവന്‍ വീടുകള്‍, സ്ഥാപനങ്ങള്‍, റോഡ്, ഇലക്ട്രിക് പോസ്റ്റ്, വാട്ടര്‍ ടാപ്പുകള്‍, മണ്ണ് – ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ജലസ്രോതസ്സുകള്‍, നിലവിലുള്ള കൃഷി, വ്യക്തികളുടെ സമഗ്രമായ വിവരശേഖരം, നഗരസഭയില്‍ നടപ്പിലാക്കിയ വികസനങ്ങളുടെ സ്ഥിതിവിവരം എന്നിവ സര്‍വ്വേ നടത്തി ഡിജിറ്റലൈസ് ചെയ്യും.
പ്രദേശത്തിന്റെ സ്വഭാവം, പരിസ്ഥിതി, സാമൂഹ്യ-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ഇവയെല്ലാം സര്‍വേയില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ നഗരസഭയുടെ പ്ലാനിംങ്, ഏകോപനം, മോണിറ്ററിങ് എന്നിവയെല്ലാം കൃത്യതയോടെ നടപ്പിലാക്കാന്‍ ഡിജിറ്റലൈസ് സംവിധാനം ഉപകരിക്കും.


കരകുളം ഗ്രാമീണ പഠന കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നതിന് സാങ്കേതിക സഹായമൊരുക്കുന്നത്. നഗരസഭയിലെ ഒരു വാര്‍ഡില്‍ നിന്നും ഒരാളെ ഫീല്‍ഡ് സര്‍വേ നടത്താന്‍ നിയോഗിക്കും. നഗരസഭയിലെ ആരോഗ്യമേഖലയിലടക്കം മുതല്‍ക്കൂട്ടാകും വിധമുള്ള സര്‍വേ നടത്താന്‍ സൗജ്യന്യമായി പരിശീലനം നല്‍കും. ഒക്ടോബര്‍ ഒന്നിന് ഡ്രോണ്‍ സര്‍വേ നടത്തും.
നിലവിലുള്ള ഭൂവിനിയോഗവും മനുഷ്യനിര്‍മ്മിത ആസ്തിയും വിവിധ കളറുകളുടെയും ചിഹ്നങ്ങളുടെയും സഹായത്താല്‍ ഭൂപടത്തില്‍ രേഖപ്പെടുത്തും. ഭാവിയില്‍ വളരെ ലളിതമായി ഇവ മനസിലാക്കാനും ഇതിന്റെയടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നതിനും, ആസ്തികളുടെ തുടര്‍പരിപാലനത്തിനും ഇത് സഹായിക്കുമെന്നും നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു.
കൂടാതെ നഗരസഭയിലെ കെട്ടിടം ഭൂനികുതികളും, മറ്റ് റവന്യൂ വരുമാനങ്ങളും കൃത്യതയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിനും സര്‍വേയിലൂടെ കഴിയും. കൃഷിസ്ഥലങ്ങള്‍, ഭൂവിനിയോഗം, വനം, മണ്ണ്, തരിശ്ഭൂമി, ഭൂശോഷണം, ജലവിഭവം തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടംതട്ടാതെ സുസ്ഥിരവികസന ആസൂത്രണം തയ്യാറാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും

Post a Comment

Previous Post Next Post