(www.kl14onlinenews.com)
(02-Sep -2022)
ഡല്‍ഹി: ഗുജറാത്ത് കാലപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്നാണ് ടീസ്തയ്‌ക്കെതിരെ ചുമത്തപ്പെട്ട കേസ്.
ടീസ്ത സെതല്‍വാദിനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ട് മാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചു. ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയെയും ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ് ,മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. കഴിഞ്ഞ ജൂണ്‍ 25ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന ആരോപിച്ച് എസ്‌ഐടിയുടെ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയര്‍വര്‍ക്കെതിരെ നിയമനടപടിയെടുക്കാമെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് നടപടിയുണ്ടായത്.
إرسال تعليق