ബസ് മാറി കയറിയിട്ടും രക്ഷപ്പെട്ടില്ല; കര്‍ണാടക മദ്യവും കഞ്ചാവുമായി യുവാവ് പിടിയിൽ

(www.kl14onlinenews.com)
(13-Sep -2022)

ബസ് മാറി കയറിയിട്ടും രക്ഷപ്പെട്ടില്ല; കര്‍ണാടക മദ്യവും കഞ്ചാവുമായി യുവാവ് പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി ബസ് യാത്രികരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിയോടെ മുത്തങ്ങയില്‍ എത്തിയ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിലായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദിയും (28) നാല് ലിറ്റര്‍ കര്‍ണാടക വിദേശമദ്യവുമായി മുത്തങ്ങ കല്ലൂര്‍-67 കുഞ്ഞിരക്കടവ് വീട്ടില്‍ സി. ബാലനുമാണ് (56) പിടിയിലായത്. പനമരത്തിനടുത്ത കൂടോത്തുമ്മലിലുള്ള ബംഗാളി തൊഴിലാളികള്‍ക്ക് ചില്ലറ വില്‍പ്പന നടത്താനായിരുന്നു കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് ജയന്ത് മൊഹന്ദി എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു

പൊന്‍കുഴി-മുത്തങ്ങ കേരള ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് നാല് കുപ്പി മദ്യവുമായി കല്ലൂര്‍-67 സ്വദേശിയായ ബാലന്‍ അറസ്റ്റിലാവുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്നും മദ്യം വാങ്ങിയ ഇയാള്‍ ദീര്‍ഘദൂര ബസിലെത്തി പൊന്‍കുഴിയിലിറങ്ങിയ ശേഷം അവിടെ നിന്നും ലോക്കല്‍ ബസില്‍ കയറുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

കല്ലൂരിലും പരിസരത്തും ചില്ലറ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ കര്‍ണാടക വിദേശമദ്യം കൊണ്ടുവന്നിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുപ്പിക്ക് 400 രൂപ കര്‍ണാടകയില്‍ വിലയുള്ള മദ്യത്തിന് ഇരട്ടിയും അതിലധികവും വിലയിട്ടായിരുന്നു ഇയാളുടെ വില്‍പ്പന. രണ്ട് പ്രതികളെയും നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി വിജയകുമാര്‍, എം.ബി ഹരിദാസന്‍, എം.സി. ഷിജു, അബ്ദുള്‍ സലിം സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഇ ചാള്‍സ് കുട്ടി, വി.സി നിഷാദ്, ടി.ജി പ്രസന്ന, അഖില, അമല്‍ തോമസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post