(www.kl14onlinenews.com)
(04-Sep -2022)
ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന പന്ത്രണ്ടുവയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്നത്. കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പേവിഷബാധ ഏറ്റിട്ടുണ്ടോയെന്നതില് സ്ഥിരീകരണം വന്നിട്ടില്ല.
കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ബോര്‍ഡ് ഇടയ്ക്കിടെ യോഗം ചേര്‍ന്ന് കുട്ടിയുടെ ആരോഗ്യനിലയും വിലയിരുത്തുന്നു. കുട്ടിയുടെ തലച്ചോറില്‍ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. എന്നാലിത് പേവിഷബാധയുമായി ബന്ധപ്പെട്ട വൈറസ് തന്നെയാണോ എന്നത് തീര്‍ച്ചപ്പെടുത്താനായിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ ശരീരസ്രവങ്ങള്‍ പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നാണ് വിശദീകരണം.
കഴിഞ്ഞ 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല് വാങ്ങാന്‍ പോയ അഭിരാമിയെ റോഡില്‍ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനാണ്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേല്ക്കാന് പോലും കഴിയാതെ വന്നു. വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.
Post a Comment