ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങള്‍ക്കകം പൂട്ടും; ആല്‍കോ സ്‌കാന്‍ വാന്‍ പൊളിയാണ്!

(www.kl14onlinenews.com)
(28-Aug -2022)

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങള്‍ക്കകം പൂട്ടും; ആല്‍കോ സ്‌കാന്‍ വാന്‍ പൊളിയാണ്!
തിരുവനന്തപുരം :
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ! നിയമലംഘകരെ പിടികൂടാന്‍ കേരള പോലീസിന് കരുത്തായി ആല്‍കോ സ്‌കാന്‍ വാന്‍ എത്തുന്നു. റോട്ടറി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ആല്‍കോ സ്‌കാന്‍ വാനാണ് കേരള പോലീസിന് കൈമാറുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 

പോലീസ് മേധാവി അനില്‍ കാന്ത് ഐപിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് പദ്ധതി വിശദീകരിക്കും. റോട്ടറി ഗവര്‍ണ്ണര്‍ കെ. ബാബു മോന്‍, റോപ്പ് പദ്ധതിയുടെ ചീഫ് കോ- ഓര്‍ഡിനേറ്റര്‍, മുന്‍ ഗവര്‍ണ്ണര്‍ സുരേഷ് മാത്യു, ജനറല്‍ കോ- ഓര്‍ഡിനേറ്ററും റോപ്പ് സെക്രട്ടറിയുമായ  ജിഗീഷ് നാരായണന്‍, മുന്‍ ഗവര്‍ണ്ണര്‍ കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലഹരി ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആല്‍കോ സ്‌കാന്‍ വാന്‍. പോലീസ്, വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള  ലഹരി ഉപയോഗിച്ചുവോ എന്നുള്ള പരിശോധന മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ നടത്താനാകും. ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ത്ഥത്തെ വേഗത്തില്‍ തിരിച്ചറിയുവാനും പോലീസിന് വേഗത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. 

വിദേശ രാജ്യങ്ങളില്‍ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേര്‍ത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി 2021-22 റോട്ടറി വര്‍ഷത്തെ ഡിസ്‌ക്റ്റ് 3211 ന്റെ ഡിസിക്ട് ഗവര്‍ണ്ണര്‍ കെ ശ്രീനിവാസന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം,      ഗ്രേയ്റ്റര്‍ ഹരിപ്പാട് എന്നീ റോട്ടറി ക്‌ളബ്ബുകളുടെ സംയുക്ത സഹായത്താലാണ് കേരള പോലീസിന് സൗജന്യമായാണ് ഈ ബസ് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത്തരത്തിലുള്ള 15 വാനുകളും റോപ്പ് കേരള പോലീസിന് കൈമാറും.

Post a Comment

Previous Post Next Post