‘ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ഉയർത്തുന്നു’; കെമാൽ പാഷ

(www.kl14onlinenews.com)
(14-Aug -2022)

‘ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ഉയർത്തുന്നു’; കെമാൽ പാഷ
കൊച്ചി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ദേശീയ പതാക ഉയർത്തുമ്പോൾ ഭരണഘടനയെ കൂടി മാനിക്കാൻ തയ്യാറാകണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.

അയൽ രാജ്യങ്ങളിലെ സ്ഥിതി നോക്കുമ്പോൾ എഴുപത്തിയഞ്ച് വർഷം ഇന്ത്യയിൽ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണെന്ന് അഡ്വ. എ ജയശങ്കർ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണെങ്കിൽ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ എ ജയശങ്കർ പറഞ്ഞു.

അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമ്മുവിന്‍റെ ആദ്യ അഭിസംബോധന.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. ഒപ്പം സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.

സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.

Post a Comment

Previous Post Next Post