(www.kl14onlinenews.com)
(20-Aug -2022)
കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് മടങ്ങവേ ടിപ്പര്‍ ജീവനെടുത്തു;യുവതിക്ക് ദാരുണാന്ത്യം,പൊലീസ് കേസെടുത്തു
കോഴിക്കോട്: താമരശ്ശേരിയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചസംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് താമരശ്ശേരി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് താമരശ്ശേരി പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസക്കുന്ന ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിത(39) ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് റോഡ് പ്രവൃത്തി കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ ലോറി യുവതിയുടെ ജീവനെടുത്തത്.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ താമരശ്ശേരി ചുങ്കത്തെ ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. സമാന്‍, ദിയ, സാനു, ആരിഫ് എന്നിവര്‍ മക്കളാണ്. കോരങ്ങാട് മജീദ് മാസ്റ്ററുടെയും റംലയുടെയും മകളാണ് ഫാത്തിമ സാജിത. മലേഷ്യയിലുള്ള ഫാത്തിമ സാജിതയുടെ ഭര്‍ത്താവ് ആബിദ് അടിവാരം ശനിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തും. ശനിയാഴ്ച രാവിലെയാണ് ഫാത്തിമ സാജിതയുടെ ഖബറടക്കം. രാവിലെ 7.30ന് കോരങ്ങാട് ജുമാമസ്ജിദ്ദില്‍ മയ്യത്ത് നിസ്‌കാരം നടക്കും.
കഴിഞ്ഞ ദിവസം താമരശേരി ചെക്ക്പോസ്റ്റിന് സമീപവും ടിപ്പര്‍ ലോറി അപകടം ഉണ്ടാക്കിയിരുന്നു. പെട്ടെന്ന് പിന്നോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ സ്കൂട്ടര്‍ തകര്‍ന്നിരുന്നു. സ്കൂള്‍-കോളേജ് സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ റോഡ് സുരക്ഷ സമിതിയാണ് സമയം നിശ്ചയിക്കുന്നത്. എന്നാല്‍ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. കൂടാതെ ഗതാഗത ചട്ടം ലംഘിച്ചുള്ള ടിപ്പറുകളുടെ സര്‍വ്വീസും അപകടങ്ങള്‍ കൂടാനുള്ള കാരണമാണ്.
അതേസമയം, കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി മൂവാറ്റുപുഴയില്‍ ഒരാൾ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ വഴിയിൽ വീണു കിടന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. അമിതമായി മദ്യപിച്ച ബിനോയ് ബോധം നഷ്ടപ്പെട്ട് റോഡിൽ വീണതായിരിക്കാമെന്നാണ് സംശയം. പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
Post a Comment