ഇന്ന് അവധിയില്ല; സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിനം, ഓണാവധിയിലും തീരുമാനം പ്രഖ്യാപിച്ച് സർക്കാർ

(www.kl14onlinenews.com)
(20-Aug -2022)

ഇന്ന് അവധിയില്ല; സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിനം, ഓണാവധിയിലും തീരുമാനം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല. എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനമായിരിക്കും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ സ്കൂളുകൾക്കും പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12 ന് ആകും സ്കൂളുകൾ വീണ്ടും തുറക്കുക.

അതേസമയം സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം കഴി‍ഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

അതിനിടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ,ആസൂത്രണം , നിർവഹണം , ഉദ്യോഗസ്ഥ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംയോജിത പദ്ധതി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഏജൻസികൾ സംയുക്തമായി തയ്യാറാക്കി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post