ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

(www.kl14onlinenews.com)
(20-Aug -2022)

ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി
പാലക്കാട്:
പാലക്കാട്ടെ ഷാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇരുവരുടേയും അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷന്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

സി.പി.എം നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളെല്ലാം ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി.പി.എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post