(www.kl14onlinenews.com)
(26-Aug -2022)
കോഴിക്കോട്: തലശ്ശേരിയില്‍ കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില്‍ എത്തിക്കും.
തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ എഫ്.പി.ആര്‍.എന്‍. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് നടത്തുന്ന രാജ് കബീറിനേയും ശ്രീദിവ്യയേയും ചൊവ്വാഴ്ച വൈകീട്ടുമുതലാണ് കാണാതായത്. ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
നാടുവിട്ട ഇവര്‍ ഒരു വ്യാപാര സ്ഥാപനത്തില്‍നിന്ന് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി വിവരം ലഭിച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും നീണ്ടത്.
മിനി വ്യവസായപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇവരും തലശ്ശേരി നഗരസഭയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി രാജ് കബീറിന്റെതായി സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നഗരസഭാധികൃതര്‍ ബുധനാഴ്ച രാവിലെ താക്കോല്‍ കൈമാറാന്‍ സ്ഥാപനത്തിലെത്തി സഹോദരനെ വിളിച്ചുവരുത്തിയെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല.
Post a Comment