സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ജാമിയ മസ്ജിദ്; ഈദ്ഗാ മൈതാനം പൊലീസ് സുരക്ഷയില്‍

(www.kl14onlinenews.com)
(31-Aug -2022)

സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ജാമിയ മസ്ജിദ്; ഈദ്ഗാ മൈതാനം പൊലീസ് സുരക്ഷയില്‍
ഡല്‍ഹി: ബെംഗളൂരു ഈദ്ഗാ മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്തരുതെന്നുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്.

പ്രശ്നബാധിത മേഖലയില്‍ 1,200 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. മൈതാനത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സംഘവും പ്രദേശത്തുണ്ട്.

സുപ്രീം കോടതി വിധി അനുസരിക്കുമെന്നും എന്നാൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കായി സമരം തുടരുമെന്നും ബെംഗളൂരു സിറ്റി ജാമിയ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാൻ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥതയ്ക്കായുള്ള പോരാട്ടം തുടരും. റംസാനിനും ബക്രീദിനും നമസ്‌കരിക്കുന്നതിനൊപ്പം, മൈതാനം കുട്ടികൾക്ക് കളിക്കാനോ പശുക്കൾക്ക് മേയാനോ ഉള്ള പൊതു ഇടമാക്കട്ടെ. ഭൂമിയിൽ മറ്റ് മതപരമായ പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല,” അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് അനുസരിക്കുമെന്ന് വിശ്വ സനാതൻ പരിഷത്ത് പ്രസിഡന്റ് എസ് ഭാസ്‌കരൻ വ്യക്തമാക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ താത്പര്യക്കുറവില്‍ അദ്ദേഹം നിരാശ രേഖപ്പെടുത്തുകയും ചെയ്തു.

കര്‍ണാടക വഖഫ് ബോര്‍ഡാണ് ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത്.

വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഹൈക്കോടതിയില്‍ പരിഗണിക്കാമെന്നും ഭൂമിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ഈദ് ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം നടത്താനുള്ള തീരുമാനം അനാവശ്യമായ മത സംഘര്‍ഷം സൃഷ്ടിക്കുമെന്ന് വഖഫ് ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു. മൈതാനി വഖഫ് സ്വത്താണെന്നും മതപരവും സാംസ്‌കാരികവുമായ എല്ലാ ചടങ്ങുകള്‍ക്കും തുറന്നുകൊടുക്കാവുന്ന പൊതു ഇടമല്ലെന്നും വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു

Post a Comment

أحدث أقدم