(www.kl14onlinenews.com)
(31-Aug -2022)
ഷാര്‍ജ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്തു. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി അഫ്ഗാന്‍ മറികടന്നു. 17 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നജീബുള്ള സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സര്‍ദ്രാന്‍ 41 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ഓപ്പണര്‍ ഹസ്രത്തുള്ള സാസായിയും അഫ്ഗാനായി തിളങ്ങി. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 127-7, അഫ്ഗാനിസ്ഥാന്‍ 18.3 ഓവറില്‍ 131-3.ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.
അവസാന നാലോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 43 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സടിച്ച അഫ്ഗാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സടിച്ച് വിജയത്തിന് അടുത്തെത്തി. ഒടുവില്‍ മൊസാഡെക് ഹൊസൈനെ സിക്സിന് പറത്തി പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ നജീബുള്ള സര്‍ദ്രാന്‍ അനായാസം അഫ്ഗാന്‍റെ ജയം പൂര്‍ത്തിയാക്കി.
നേരത്തെ തുടക്കത്തിലെ റഹ്മാനുള്ള ഗുര്‍ബാസിനെ(11) നഷ്ടമായെങ്കിലും ഹസ്രത്തുള്ള സാസായിയും ഇബ്രാഹിം സര്‍ദ്രാനും ചേര്‍ന്ന് അഫ്ഗാനെ 45 റണ്‍സിലെത്തിച്ചു. ഹസ്രത്തുള്ള സാസായിയെ(23) നഷ്ടമായി അധികം വൈകാതെ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ(8) വിക്കറ്റും നഷ്ടമായി 62-3 എന്ന സ്കോറില്‍ പതറിയെങ്കിലും നജീബുള്ള സര്‍ദ്രാന്‍റെ കടന്നാക്രമണത്തില്‍ ബംഗ്ലാ കടുവകളുടെ വീര്യം ചോര്‍ന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. 48 റണ്‍സ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. മോശം തുടക്കമായിരുന്നു ബംഗ്ലദേശിന്. 6.2 ഓവറില്‍ തന്നെ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് 10.3 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി. മുന്‍നിരയില്‍ പുറത്തായ അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുല്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (11), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (12) എന്നിവരാണ് പുറത്തായ താരങ്ങള്‍.
إرسال تعليق