ശമ്പളം കൊടുത്തിട്ട് 'തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ'; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ഹൈക്കോടതിക്ക് അമര്‍ഷം

(www.kl14onlinenews.com)
(17-Aug -2022)

ശമ്പളം കൊടുത്തിട്ട് 'തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ'; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ഹൈക്കോടതിക്ക് അമര്‍ഷം
കൊച്ചി :
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഹൈക്കോടതി. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. ശമ്പളം കൊടുത്തിട്ട് അവരെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളുടെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

തൊഴില്‍ മന്ത്രിയും ഗതാഗത മന്ത്രിയും ഇന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനമാകാതെ ചര്‍ച്ച പിരിഞ്ഞു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമാണ് പ്രധാനമായും ചര്‍ച്ചയായത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകള്‍ പിന്തുണ അറിയിച്ചില്ല. സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് 60 വര്‍ഷം പഴക്കമുള്ള നിയമം വെച്ചുള്ള സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമാണെന്നാണ് യൂണിയനുകളുടെ പരാതി. തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നതിലും തീരുമാനമുണ്ടായില്ല. നാളെയും ചര്‍ച്ച തുടരാനാണ് നീക്കം. ഇതിനിടെയാണ് ഹൈക്കോടതി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

നേരത്തെ ശമ്പള പ്രതിസന്ധിക്കൊപ്പം ഡീസൽ വിഷയവും കെഎസ്ആർടിസിയെ ബാധിച്ചിരുന്നു. പിന്നാലെ സർക്കാർ 20 കോടി അനുവദിച്ചതോടെയാണ് ഡീസൽ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം ലഭിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുണ്ടായിരുന്ന കുടിശ്ശിക അടച്ചു തീർത്തു. 15 കോടി രൂപയുടെ കുടിശികയാണ് ഉണ്ടായിരുന്നത്.

ഡീസൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി സർവ്വീസുകൾ റദ്ദാക്കിയിരുന്നു. കൂടാതെ ചില ബസുകൾ സ്വകാര്യ പമ്പിൽ നിന്നടക്കം പണം കൊടുത്ത് ഡീസൽ അടിച്ചിരുന്നു. കെഎസ്ആർടിസി ആരംഭിച്ച കാലം മുതൽ അതാത് ഡിപ്പോകളിൽ നിന്നായിരുന്നു ബസുകളിലേക്ക് ഇന്ധനം നിറയ്ക്കാറുള്ളത്. സർക്കാർ പണം നൽകുമെന്ന് ഉറപ്പായതോടെ ഇത് നിർത്തലാക്കുകയായിരുന്നു.

Post a Comment

Previous Post Next Post