ഏഷ്യാ കപ്പ് ടി20: പകരം വീട്ടാന്‍ ഇന്ത്യ, രണ്ടും കല്‍പ്പിച്ച് പാകിസ്താന്‍; ദുബായിൽ ഇന്ന് ആവേശപ്പോരാട്ടം

(www.kl14onlinenews.com)
(28-Aug -2022)

ഏഷ്യാ കപ്പ് ടി20:
പകരം വീട്ടാന്‍ ഇന്ത്യ, രണ്ടും കല്‍പ്പിച്ച് പാകിസ്താന്‍; ദുബായിൽ ഇന്ന് ആവേശപ്പോരാട്ടം
ദുബായ് :
ഏഷ്യാ കപ്പ് ട്വന്റി 20യില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന്. ടി20 ലോകകപ്പിലേറ്റ തിരിച്ചടിയ്ക്ക് പകരം വീട്ടാന്‍ ഉറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് പാകിസ്താന്‍ എത്തുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം കാണാം.

ഏഷ്യാ കപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം. 2016ന് ശേഷം വിരാട് കോഹ്ലി ഏഷ്യാ കപ്പില്‍ കളിച്ചിട്ടില്ല. ടി20യില്‍ പാകിസ്താനെതിരെ മികച്ച റെക്കോര്‍ഡാണ് കോഹ്ലിയ്ക്കുള്ളത്. പാകിസ്താനെതിരെ 75ന് മുകളിലാണ് കോഹ്ലിയുടെ ആവറേജ്. 2012ല്‍ പുറത്താകാതെ നേടിയ 78 റണ്‍സാണ് പാകിസ്താനെതിരെ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

ആളുകള്‍ എത്ര ഹൈപ്പ് നല്‍കിയാലും തന്റെ ശ്രദ്ധ മത്സരത്തില്‍ മാത്രമാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി കഴിഞ്ഞു. പാകിസ്താനെതിരായ മത്സരം എപ്പോഴും വെല്ലുവിളിയേറിയതാണ്. എന്നാല്‍ എതിരാളി ആരെന്ന് നോക്കാതെ ഒരു ടീമെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനമെന്നും കഴിഞ്ഞതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും രോഹിത് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ക്യാപ്‌റ്റെന്ന നിലയില്‍ എല്ലാ മത്സരത്തിനും താന്‍ തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. ഷഹീന്‍ അഫ്രീദി ഉണ്ടായിരുന്നെങ്കില്‍ സാഹചര്യം മാറുമായിരുന്നു. ടീമിലെ മറ്റ് ബൗളര്‍മാരും മികച്ചവരാണ്. ടി20 ലോകകപ്പിലെ ഫലത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പാകിസ്താന്‍ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post