(www.kl14onlinenews.com)
(30-Aug -2022)
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ യുപി യുവതിയെ വീട്ടിലേക്ക് കടക്കാന്‍ ബുള്‍ഡോസര്‍ സഹായിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ സ്ത്രീധനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട യുവതിയെ ഭര്‍തൃവീട്ടുകാര്‍ക്ക് പ്രവേശിപ്പിക്കാന്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്ന് പൊലീസ് പറഞ്ഞതോടെ ഭര്‍തൃവീട്ടുകാര്‍ അടങ്ങി. ഗേറ്റ് തകര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതോടെ വാതില്‍ തുറന്ന് ഇവര്‍ മരുമകളെ വീട്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടത്തുന്ന പൊളിക്കല്‍ ഡ്രൈവ് കുറച്ചുകാലമായി വാര്‍ത്തയാവാറുണ്ട്. അത്തരം നീക്കങ്ങളോടുള്ള പ്രതികരണങ്ങള്‍ പൊതുവെ സങ്കടവും രോഷവും ആയിരിക്കും. എന്നാല്‍ യുവതിയെ അവരുടെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിപ്പിക്കാനും യുപി പോലീസ് ബുള്‍ഡോസര്‍ പ്രയോഗിച്ചതിന് നിറയെ പുഞ്ചിരിയും കൈയടിയുമാണ് ലഭിക്കുന്നത്.
ബിജ്നോറില്‍ നൂതന്‍ മാലിക് എന്ന യുവതി അഞ്ച് വര്‍ഷം മുമ്പാണ് റോബിന്‍ സിംഗിനെ വിവാഹം കഴിച്ചത്. തുടക്കം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ഇവരെ പീഡിപ്പിക്കുകയാണ്. 2019 ല്‍, ഇതിനെതിരേ നൂതന്‍ ഒരു കേസ് ഫയല്‍ ചെയ്തു. ഇതില്‍ ഭര്‍ത്താവ് ജയിലിലായി. ഇതോടെ നൂതനേയും വീട്ടില്‍ നിന്ന് പുറത്താക്കി. കോടതി ഉത്തരവുണ്ടായിട്ടും മരുമകളെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍തൃകുടുംബം തയ്യാറായില്ല. ഇതിനുശേഷം, യുവതിയുടെ പിതാവ് നീതിക്കായി ഹൈക്കോടതിയുടെ വാതിലുകളില്‍ മുട്ടി, തുടര്‍ന്നാണ് യുവതിക്ക് സംരക്ഷണം നല്‍കി ഭര്‍തൃ വീട്ടിലേക്ക് തിരികെ എത്തിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
രണ്ടുമണിക്കൂറോളം വീട്ടുകാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് പോലീസ് ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഗേറ്റ് തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അതോടെ ഇവരുടെ മനം മാറി. ഗേറ്റു തുറന്ന് യുവതിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായി.
Post a Comment