വിഴിഞ്ഞത്ത് സംഘര്‍ഷം; പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ ഇരച്ചുകയറി

(www.kl14onlinenews.com)
(19-Aug -2022)

വിഴിഞ്ഞത്ത് സംഘര്‍ഷം; പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ ഇരച്ചുകയറി
തിരുവനന്തപുരം :
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ ഇന്നും സംഘര്‍ഷം. നാലാം ദിവസമായ ഇന്ന് പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി. ഓരോ മണിക്കൂറിലും നൂറുകണക്കിന് പേര്‍ സമരത്തിനെത്തുന്നതോടെ ഇവരെ നിയന്ത്രിക്കാനും അറസ്റ്റ് ചെയ്ത് നീക്കാനും പൊലീസിന് കഴിയുന്നില്ല. ഇതാദ്യമായാണ് പദ്ധതിക്കെതിരെ ഇത്രയും വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം നാലാം ദിവസത്തിലെത്തിയതോടെ ഇന്ന് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ ക്ഷണം ലത്തീന്‍ രൂപത സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് അടക്കമുള്ള ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അതിരൂപത. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്. ആഗസ്റ്റ് 31 വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്നത് പുറത്തു നിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. സമരത്തിൽ വിഴിഞ്ഞത്തുകാർക്ക് പങ്കില്ല. സർക്കാർ വിഴിഞ്ഞത്തുള്ള പൗര പ്രമുഖരുമായും അവിടുത്തെ ജനപ്രതിനിധികളുമായി വിശദമായി ചർച്ച നടത്തി. അവർ ഉന്നയിച്ച പ്രശ്‌നങ്ങൾ കൗണ്ടർ ബെയ്‌സ്ഡ് ആയി പരിഹരിക്കാൻ സംവിധാനമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ആരുമായും സംസാരിക്കാൻ തയ്യാറാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിൽ ഒരു വാശിയും സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കടൽ ക്ഷോഭത്തിന് കാരണം തുറമുഖ നിർമ്മാണം മാത്രമല്ലെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post