ഫെഡറലിസവും മതേതരത്വവും രാജ്യത്തിന്റെ അടിസ്ഥാനം: സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

(www.kl14onlinenews.com)
(15-Aug -2022)

ഫെഡറലിസവും മതേതരത്വവും രാജ്യത്തിന്റെ അടിസ്ഥാനം: സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :
ഫെഡറലിസവും മതേതരത്വവും രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന് സ്വാതന്ത്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്‌ന്റെ ശക്തിയെന്നും രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത്. ഇതു മറന്നു കൊണ്ട് മുന്നോട്ട് പോകാനാകില്ല. ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധങ്ങളായ ഭാഷയേയും സംസ്‌കാരത്തേയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയതയുടെ സവിശേഷത. വൈവിധ്യങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ഈ രീതിയാണ് ബഹുസ്വരതയുടെ അടിത്തറയായിത്തീരുന്നത്. അതുകൊണ്ടു തന്നെ നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്തിന് സ്വീകരിക്കാനാകുന്ന യഥാര്‍ഥ മാര്‍ഗരേഖ. ഈ ജീവിത ശൈലിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടു പോകാനാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ സംഘര്‍ഷങ്ങളുടേയും ധ്രുവീകരണങ്ങളുടേയും ശ്രമങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നത് നവോദ്ധാനമൂല്യങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും നമുക്ക് നല്‍കിയ ഈ കാഴ്ചപ്പാടിന്റെ ഫലമാണ്.
അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം. നല്‍കുന്നതെന്നും സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത്.

Post a Comment

Previous Post Next Post