സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർ വിവാഹിതനാകുന്നു

(www.kl14onlinenews.com)
(25-Aug -2022)

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർ വിവാഹിതനാകുന്നു

കോഴിക്കോട് :
നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർ വിവാഹിതനാകുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്ന സന്തോഷ വാർത്ത സജീഷ് തന്നെയാണ് പങ്കുവച്ചത്. സജീഷിൻ്റെയും ലിനിയുടെയും മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്നാണ് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്െന്നും ഫേസ്ബുക്ക് പോസ്റ്റിൽ സജീഷ് പറയുന്നു. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണമെന്നും പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് അഭ്യർത്ഥിക്കുന്നു.

കേരളത്തിൻ്റെ മനസാക്ഷിയെ പിടിച്ചുലച്ച മരണമായിരുന്നു ലിനിയുടേത്. നിപ്പ വൈറസ് ബാധിച്ച് ചികിത്സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സായ ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മനാമയിൽ അക്കൗണ്ടൻ്റായിരുന്ന ലിനിയുടെ ഭർത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാർഷികം ആഘോഷിക്കാൻ ഏതാനും ദിവസം ബാക്കി നിൽക്കെയായിരുന്നു ലിനിയുടെ വേർപാട്.

കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തുവരവേയാണ് നിപ്പയിലൂടെ മരണം കൂട്ടിനെത്തിയത്. ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെ നിപ് വെെറസ് ബാധ ലിനയിലേക്കും എത്തുകയായിരുന്നു. ആദ്യം പനിയായിട്ടായിരുന്നു തുടക്കം. പനി ബാധിച്ച ലിനിക്കു പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും അസുഖം കൂടുതലായതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന സമയത്താണ് ലിനി മരണപ്പെടുന്നത്. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തിരുന്നില്ല. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കരിച്ചത്.

ലിനിക്ക് അസുഖം ബാധിച്ച സമയത്ത് വിദേശത്തായിരുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിലെത്തിയിരുന്നു. എന്നാൽ ലിനിയുമായി കൂടിക്കാഴ്ച നടന്നിരുന്നില്ല. ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാൻ മാത്രമേ സജീഷിനു കഴിഞ്ഞുള്ളു. അന്ന് അടുത്ത ബന്ധുക്കൾ മാത്രമാണ് ലിനിയുടെ മൃതശരീരം കണ്ടത്. മരണക്കിടക്കയിൽ വെച്ച് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്തുൾപ്പെടെ പ്രസിദ്ധീകരിച്ചാണ് ലോകപ്രശസ്ത വാരികയായ ദ ഇക്കണോമിസ്റ്റ് ലിനിക്ക് ആദരമർപ്പിച്ചത്.

ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് വർക്ക് ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ലിനിയെ അനുസ്മരിച്ച് ട്വിറ്ററിൽ ട്വീറ്റും ചെയ്തിരുന്നു. ലിനിയുടെ ഭർത്താവിന് സർക്കാർ കോഴിക്കോട് ഡിഎംഒ ഓഫീസിൽ എൽഡി ക്ലർക്കായി ജോലി നൽകുകയും രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തിരുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ

Post a Comment

Previous Post Next Post