ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം

(www.kl14onlinenews.com)
(23-Aug -2022)

ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം
ഡൽഹി : സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ  കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റിവക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.കേസ് സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും ജസ്റ്റീസ് യു യു ലളിത് നിര്‍ദ്ദേശം നല്‍കി.

എന്താണ് എസ്എന്‍സി ലാവലിന്‍ കേസ്

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവലിൻ കേസിന്‍റെ നാള്‍വഴി

1995 ഓഗസ്റ്റ് 10
പള്ളിവാസൽ, ചെങ്കുളം,പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി എസ്എൻസി ലാവലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചു.
...........
2005 ജൂലായ് 13
374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് സിഎജി റിപ്പോര്‍ട്ട്
..................
2006 മാര്‍ച്ച് 1
എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു
..........................
2006 ഡിസംബര്‍ 4
ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു
.............................
2007 ജനുവരി 16
ലാവലിൻ കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു
.....................
2009 ജൂണ്‍ 11
പിണറായി വിജയനെ ഏഴാംപ്രതിയാക്കി സിബിഐ കുറ്റപത്രം നൽകി. അഴിമതിക്ക് കാരണമായ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തൽ
........................
2013 നവംബര്‍ 5
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രത്യേക സിബിഐ കോടതി പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
.........................
2017 ഓഗസ്റ്റ് 23
പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേസിൽ നിന്ന് ഹൈക്കോടതിയും കുറ്റവിമുക്തരാക്കി
കസ്തൂരി രംഗഅയ്യർ, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്ന് വിധി
.......................
2017 ഡിസംബര്‍ 19
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹര്‍ജി നൽകി
....................
2018 ജനുവരി 11
കസ്തൂരി രംഗഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
...........................
2020 ഓഗസ്റ്റ് 27
ലാവലിൻ കേസ് സുപ്രീംകോടതിയിൽ പുതിയ ബെഞ്ചിലേക്ക്

Post a Comment

Previous Post Next Post