(www.kl14onlinenews.com)
(26-Aug -2022)
ഡൽഹി :
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന്
രാജിവച്ചു.
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ സ്ഥാനം നേരത്തേ ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക നേതൃത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് ഗുലാം നബി ആസാദ് രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ദീര്‍ഘകാല ബന്ധവും ഇന്ദിരാഗാന്ധിയുമായുള്ള അടുത്ത ബന്ധവും വിവരിച്ച് അഞ്ച് പേജുള്ള കുറിപ്പ് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലെ സംഘടനാ പദവിയില്‍ നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ വിശദമായ രാജിക്കത്ത് നല്‍കുന്നത്.
സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ പ്രഹസനവും തട്ടിപ്പുമാണെന്ന് ഗുലാം നബി ആരോപിക്കുന്നു. രാജ്യത്ത് ഒരിടത്തും സംഘടനയുടെ തലത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ലെന്നും നടപടികള്‍ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അഭിസംബോധന ചെയ്യുന്ന രാജിക്കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത ഒരു കൂട്ടത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയെ ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം ഉയര്‍ത്തുന്നത്.
''ഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്ന്, ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മാധ്യമങ്ങളുടെ മുഴുവന്‍ കണ്ണുവെട്ടിച്ച് രാഹുല്‍ ഗാന്ധി വലിച്ചുകീറിയതാണ്... ഈ ബാലിശമായ പെരുമാറ്റം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും അധികാരത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014ലെ യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക കാരണമായി മാറി'' ആസാദ് കത്തില്‍ കുറിച്ചു.
2014ലെ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 39 നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളതെന്നും മറ്റു രണ്ട് സംസ്ഥാനങ്ങളില്‍ ചെറിയ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുകയാണെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു.
'യുപിഎ സര്‍ക്കാരിന്റെ സ്ഥാപനപരമായ കെട്ടുറപ്പിനെ തകര്‍ത്തത് രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ മോഡല്‍' ഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പ്രയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയാഗാന്ധി വെറും നാമമാത്രമായ വ്യക്തിമാത്രമാണ്. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അതിലും മോശം അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകളോ ഒപ്പം പിഎമാരോ ഏറ്റെടുക്കുകയായിരുന്നു. ' ആസാദ് നിശിതമായി വിമര്‍ശിക്കുന്നു.
എഐസിസിയുടെ കീഴില്‍ ഇന്ത്യക്ക് അനുയോജ്യമായ കാര്യങ്ങള്‍ക്കായി പോരാടാനുള്ള ഇച്ഛാശക്തിയും കഴിവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുവെന്ന് മുന്‍ നേതാവ് കുറ്റപ്പെടുത്തുന്നു. 'ഭാരത് ജോഡോ യാത്ര' തുടങ്ങുന്നതിന് മുമ്പ് നേതൃത്വം 'കോണ്‍ഗ്രസ് ജോഡോ യാത്ര' നടത്തണമായിരുന്നുവെന്നും മുതിര്‍ന്ന നേതാവ് കത്തില്‍ പറയുന്നു
إرسال تعليق