(www.kl14onlinenews.com)
(19-Aug -2022)
'വിവരമില്ലെന്ന് ആക്രോശിച്ചവര്‍ക്കും വേട്ടയാടിയവര്‍ക്കും സമര്‍പ്പണം'; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ ടി ജലീല്‍
ഗൂഢാലോചനക്കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെടി ജലീല്‍ എംഎല്‍എ. തന്റെ പരാതിയെ പരിഹസിച്ചവര്‍ക്കും വിവരമില്ലെന്ന് ആക്രോശിച്ച് അട്ടഹസിച്ചവര്‍ക്കും ഒറ്റ തിരിഞ്ഞ് വേട്ടയാടിയ ചാനല്‍ അവതാരകര്‍ക്കും സ്ഥിര ന്യായീകരണ തൊഴിലാളികള്‍ക്കും പ്രതിപക്ഷ നേതാവിനും വിധി വിനയപുരസ്സരം സമര്‍പ്പിക്കുന്നുവെന്ന് ജലീല്‍ ഫേസ്ബുക്കിലെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
സ്വര്‍ണ്ണക്കടത്തുമായോ ഡോളര്‍ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജല്‍പനങ്ങള്‍ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സര്‍ക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച 'ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തു' കേസിലെ പ്രതികള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിന്‍മേല്‍ പോലീസിന് അന്വേഷണം തുടരാം.
ഞാന്‍ നല്‍കിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികള്‍ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും അന്തിച്ചര്‍ച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികള്‍ക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമര്‍പ്പിക്കുന്നു.
Post a Comment