വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി; രണ്ട് പേര്‍ കസ്റ്റഡിയില്‍

(www.kl14onlinenews.com)
(12-Aug -2022)

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി; രണ്ട് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കക്കോടിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസറ്റഡിയിലെടുത്തു. മുഹമ്മദ് ഷമീര്‍, സാലിഹ് ജമീല്‍ എന്നിവരാണ് പിടിയിലായത്. സാരമായി പരിക്കേറ്റ ലുഖ്മാനുലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷം കക്കോടി പഞ്ചായത്ത് ഓഫിസിന് മുമ്പിലായിരുന്നു സംഭവം. കക്കോടി എരക്കുളത്തെ കടയടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കില്‍ പോകുകയായിരുന്നു ലുഖ്മാനുല്‍. ഇതിനിടെ മഴ പെയ്തതോടെ പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി. മഴ കുറഞ്ഞതോടെ മഴക്കോട്ട് ഇടുന്നതിനിടെ വാനിലെത്തിയ സംഘം ഇയാളെ അകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നു.

ഉറക്കെയുള്ള കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാളുമായി സംഘം വാനില്‍ സ്ഥലംവിട്ടു. നരിക്കുനി-കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ സഞ്ചരിച്ച വാനിന്റെ ഉള്ളിലിട്ട് ലുഖ്മാനുലിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ അര്‍ധരാത്രിയോടെ റോഡരികില്‍ തള്ളുകയായിരുന്നു. അവശനിലയിലായിരുന്ന ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ സാരമായി പരിക്കേറ്റിരുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post