(www.kl14onlinenews.com)
(20-Aug -2022)
അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ആള്‍ക്കൂട്ട വിചാരണക്കിടെ കൊലചെയ്യപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പ്രസ്താവിക്കുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.
ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പതിനാറാം തീയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ തീര്‍പ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം.
ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറി. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. അതിനിടെ, മധുവിന്റെ അമ്മയെ കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അബ്ബാസിന്റെ ചെറുമകന്‍ ഷിഫാന്റെ ജാമ്യാപേക്ഷയിലും വിചാരണക്കോടതി വിധി പറയും. ഓഗസ്റ്റ് ഒമ്പതിനാണ് ഷിഫാന്‍ അറസ്റ്റിലായത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.
Post a Comment