മട്ടന്നൂർ നഗരസഭ എൽ.ഡി.എഫ് നിലനിർത്തി, നാല് സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്

(www.kl14onlinenews.com)
(22-Aug -2022)

മട്ടന്നൂർ നഗരസഭ എൽ.ഡി.എഫ് നിലനിർത്തി, നാല് സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്
മട്ടന്നൂർ: ആഗസ്റ്റ് 20ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽ.ഡി.എഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. എൽ.ഡി.എഫ് 21 സീറ്റിലും യു.ഡി.എഫ് 14 സീറ്റിലും വിജയിച്ചു. എൻ.ഡി.എ ഒറ്റ സീറ്റ് പോലും നേടിയില്ല.

എൽ.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളിലെ നാല് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. പെരിഞ്ചേരി, പൊറോറ, ഏളന്നൂർ, ആണിക്കര വാർഡുകളാണ് യു.ഡി.എഫ്. പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തേക്കാൾ ഏഴ് സീറ്റുകൾ യു.ഡി.എഫ് അധികം നേടി. 2017ൽ ഏഴ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്.

നിലവിൽ എൽ.ഡി.എഫിന്​ 28 സീറ്റുകൾ ഉണ്ടായിരുന്നു. 25 സീറ്റുകൾ സി.പി.എം ഒറ്റക്ക്​ നേടിയ നഗരസഭയിലാണ് ഇക്കുറി 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സി.പി.എമ്മിന് 25ഉം സി.പി.ഐക്കും ഐ.എൻ.എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിൽ കോൺഗ്രസിന് നാലും ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.

കീച്ചേരി, കല്ലൂർ, മുണ്ടയോട്, പെരുവയൽക്കരി, ബേരം, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, പഴശ്ശി, ഉരുവച്ചാൽ, കരേറ്റ, കുഴിക്കൽ, കയനി, ദേവർകാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയർപോർട്ട്, ഉത്തിയൂർ എന്നീ വാർഡുകളിലാണ് എൽ.ഡി.എഫ് നേടിയത്.
മണ്ണൂർ, പൊറോറ, ഏളന്നൂർ, ആണിക്കരി, കളറോഡ്, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂർ, ടൗൺ, പാലോട്ടുപള്ളി, മിനി നഗർ, മരുതായി, മേറ്റടി, നാലങ്കേരി എന്നീ വാർഡുകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.

ആഗസ്റ്റ് 20നാണ് മട്ടന്നൂർ നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തതാണ്. 111 സ്ഥാനാർഥികളാണ് ജനവിധി തേടി‍യത്. കഴിഞ്ഞ തവണത്തെ പോളിങ്​ ശതമാനത്തെ മറികടന്ന ഇത്തവണ 84.63 ശതമാനം രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന 2020 ഡിസംബറിൽ മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. നിലവിലെ നഗരസഭ ഭരണസമിതിയുടെ കാലാവധി 2022 സെപ്റ്റംബർ 10നാണ് പൂർത്തിയാവുന്നത്. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്

Post a Comment

Previous Post Next Post