ചന്ദ്രഗിരി എൽ.പി സ്കൂളിലെ ആ പിഞ്ചു കുട്ടികൾ ശുദ്ധവായു ശ്വസിച്ചോട്ടേ... കളിസ്ഥലത്തിനും, പ്രാഥമിക സൗകര്യങ്ങൾക്കുമായി പ്രതിഷേധം ഉയരുന്നു

(www.kl14onlinenews.com)
(23-Aug -2022)

ചന്ദ്രഗിരി എൽ.പി സ്കൂളിലെ ആ പിഞ്ചു കുട്ടികൾ
ശുദ്ധവായു ശ്വസിച്ചോട്ടേ... കളിസ്ഥലത്തിനും, പ്രാഥമിക സൗകര്യങ്ങൾക്കുമായി പ്രതിഷേധം ഉയരുന്നു

കാസർകോട്: മേൽപറമ്പ,
നാസി കോൺസൻട്രേഷൻ ക്യാമ്പുകളെക്കുറിച്ചു കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. വാഗൺ ട്രാജഡിയെക്കുറിച്ചും കേട്ടറിവുണ്ടു. ഗ്വാണ്ടനാമോ ജയിലുകളെക്കുറിച്ചു വായിച്ചിട്ടുമുണ്ടു. ചന്ദ്രഗിരി ഗവ. എൽ.പി. സ്കൂളിന്റെ ഗേറ്റിനകത്ത് കാലെടുത്ത് വെക്കുന്ന ആരും പെട്ടെന്നു ഇതെല്ലാം ഓർത്തു പോകും. തീപ്പെട്ടി വലിപ്പത്തിലുള്ള ഒരു തുണ്ടു ഭൂമിയിൽ അടുപ്പ് കല്ല് കൂട്ടിയതുപോലെ മൂന്നു കെട്ടിടങ്ങൾ. സ്ഥലത്തിന്റെ മൂന്നു ഭാഗത്തും കെട്ടിടങ്ങളുടെ ചുമരുകൾ കൊണ്ടു കോട്ടമതിൽ തീർത്തിരിക്കുന്നു. ഇരുനില കെട്ടിടത്തോട് മുട്ടിയുള്ള തെക്ക് ഭാഗത്ത് മതിലും ചെറിയൊരു ഗേറ്റും. പതിറ്റാണ്ടുകളുടെ പൈതൃകം അയവിറക്കി കഴിയുന്ന ചന്ദ്രഗിരി ഗവ. എൽ.പി. സ്കൂളിന്റെ ഇന്നത്തെ രേഖാചിത്രമാണിത്.

ചെറുപ്പകാലത്ത്, അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്ക്കാലികളെ പൂട്ടിയിടുന്ന, ചെമ്മനാട് പഞ്ചായത്ത് വക ' ദൊഡ്ഢി ' കണ്ടിട്ടുണ്ടു. ഒരുവേള അങ്ങനേയും ചിന്തിച്ചു പോയി, 'ഇത് മനുഷ്യക്കുഞ്ഞുങ്ങളെ പൂട്ടിയിടാനുള്ള 'ദൊഡ്ഢി 'യാണോ?'
സ്കൂൾ കെട്ടിടങ്ങൾ നില്ക്കുന്ന ഭൂമി പതിനഞ്ചു സെന്റ് പോലും വരില്ല. പുറമ്പോക്ക് ഭൂമിയായതിനാൽ അളന്നു തിട്ടപ്പെടുത്താൻ വില്ലേജ് അധികൃതരും തയ്യാറല്ല. കളിസ്ഥലമില്ലെങ്കിൽ സ്കൂൾ പ്രവർത്തിക്കാൻ അനുമതി നല്കില്ല എന്നാണു പുതിയ വിദ്യാഭ്യാസ ചട്ടം. ഇവിടെ കുട്ടികൾക്ക് ക്ലാസ്സ് മുറികളിൽ നിന്നു പുറത്തിറങ്ങി നില്ക്കാൻ പോലും സ്ഥലം ഇല്ല. പിന്നെയല്ലെ കളിസ്ഥലം ! ഇതാ, ഇവിടെ പരിഷ്കൃത ജനസമൂഹം ഒരു കൂട്ടം കുട്ടികളെ നിർദ്ദാക്ഷിണ്യം ശ്വാസം മുട്ടിക്കുന്നു !

പല്ലിയുടെ മുറിച്ചിട്ട ഈ വാൽക്കഷ്ണത്തിനു അതിബൃഹത്തായ ഒരു ചരിത്രമുണ്ടു. പല്ലി ഇന്നു ഹയർ സെക്കന്ററി ഹൈസ്ക്കൂളായി പ്രശസ്തിയുടെ ഉത്തുംഗതയിൽ. വാൽക്കഷ്ണം ഒരു തുണ്ടു ഭൂമിയിൽ കിടന്നു പിടയുന്നു.

ബ്രിട്ടിഷ് ഭരണ കാലത്ത് 1893 ൽ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കന്നഡ വിദ്യാലയമായാണു ചന്ദ്രഗിരി ഗവ. എലിമെന്ററി സ്കൂളിന്റെ പിറവി. അങ്ങാടി കെട്ടിടങ്ങളുടെ മട്ടുപ്പാവു മുറികളിലായിരുന്നു ആദ്യ കാല ക്ലാസ്സുകൾ. 1942 ൽ മേൽപ്പറമ്പു പള്ളിക്ക് മുമ്പിലായി ജന്മിയായ സി. എച്ചു. കുഞ്ഞിക്കലന്തർ സകൂളിനു വേണ്ടി ഒരു വാടകക്കെട്ടിടം പണിതു നല്കി. അതിൽ കന്നഡ ക്ലാസ്സുകൾ പ്രവർത്തിച്ചു വന്നു. 1959 ൽ പ്രസ്തുത കെട്ടിടത്തിനു മുട്ടി തെക്കുഭാഗത്ത് 'എൽ' ആകൃതിയിൽ അദ്ദേഹം മറ്റൊരു കെട്ടിടം കൂടി പണിതു നല്കി. ആ കെട്ടിടത്തിൽ നാലു വരെയുള്ള മലയാളം ക്ലാസ്സുകൾ പ്രവർത്തിച്ചു വന്നു. സ്കൂൾ വളർന്നു ഹൈസ്ക്കൂൾ ആയി പന്തലിച്ചപ്പോൾ, 1963ൽ മനോഹരങ്ങളായ കെട്ടിടങ്ങളിലായി വിശാലമായ പാറപ്പുറം മൈതാനായിലേക്ക് ചന്ദ്രഗിരി ഗവ. ഹൈസ്ക്കൂൾ എന്ന പേരിൽ പറിച്ചു നടപ്പെട്ടു. എന്നാൽ നാലുവരെയുള്ള എൽ.പി. എന്ന വാൽ മുറിച്ചു അതേ പേരിൽ പഴയ കെട്ടിടത്തിൽ നിലനിർത്തി. സാമൂഹിക സാംസ്ക്കാരിക കായിക സാങ്കേതിക രാഷ്ടീയ വ്യാപാര രംഗത്ത് നിരവധി പ്രഗത്ഭരെ വാർത്തെടുത്ത ഹൈസ്ക്കൂൾ വിഭാഗം ഇന്നു ഹയർ സെക്കന്ററിയായി തലയുയർത്തി നില്ക്കുന്നു.

മേൽപ്പറമ്പു ജമാഅത്തിനു കൈമാറ്റം ചെയ്യപ്പെട്ട പഴയ എൽ.പി. സ്കൂൾ കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ടു പൊളിച്ചു മാറ്റേണ്ട അവസ്ഥ വന്നപ്പോൾ, 1998 ൽ ഹൈസ്ക്കൂൾ കോമ്പോണ്ടിനു മുട്ടിയുള്ള പുറമ്പോക്ക് ഭൂമിയിൽ 'നിർമ്മിതി കേന്ദ്ര ' വക കെട്ടിടം നിർമ്മിച്ചു, അന്നത്തെ വാർഡ് മെമ്പറായിരുന്ന കുന്നരിയത്ത് മാഹിൻ ഹാജിയുടെ ശ്രമ ഫലമായി എൽ.പി. സ്കൂൾ പാറപ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.
തുടർന്നു ആ കുടുസ്സു സ്ഥലത്ത് രണ്ട് കെട്ടിടങ്ങൾ കൂടി ഉയർന്നു വന്നു. പക്ഷെ, കുട്ടികൾക്ക് വേണ്ടി കളിസ്ഥലം കണ്ടെത്താൻ, ആ സകൂളിൽ നിന്നു പ്രയോജനം ലഭിച്ചവർ ആരും ശ്രമിച്ചില്ല.

ഇന്നു മലയാളം കന്നഡ മീഡിയങ്ങളിലായി 202 കുട്ടികൾ പഠിക്കുന്നുണ്ടു. 151 കുട്ടികൾ മലയാളത്തിലും 51 കുട്ടികൾ കന്നഡയിലും. കന്നഡയിൽ നാല് ഡിവിഷനുകൾ. മലയാളത്തിൽ ആറ് ഡിവിഷനുകൾ. മലയാളത്തിൽ രണ്ടു ഡിവിഷനുകൾ ഏർപ്പെടുത്താനുള്ള കുട്ടികളുണ്ടെന്നു ഹെഡ്മാസ്റ്റർ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ പറയുന്നു. പക്ഷെ, സ്ഥല സൗകര്യമില്ല.

സ്കൂൾ സ്ഥിതി ചെയ്യുന്ന കുടുസ്സു സ്ഥലത്തിന്റെ കിഴക്കു ഭാഗത്ത് കാലപ്പഴക്കം കൊണ്ടു പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങിയ, ചന്ദ്രഗിരി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ഓടുമേഞ്ഞ ഒരു കെട്ടിടമുണ്ടു. ആ കെട്ടിടമാണു മേൽപ്പറമ്പിലെ വിദ്യാഭ്യാസ രംഗത്തെ 'ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തി.' ആ അതിർത്തിക്കപ്പുറത്ത് ഹയർ സെക്കന്ററി സ്കൂളിന്റെ വിശാലമായ കളിസ്ഥലമുണ്ടു. 'നോ മാൻസ് ലാൻറി' ൽ പ്രവർത്തിക്കുന്ന എൽ.പി. സ്കൂളിലെ കുട്ടികൾക്ക് അങ്ങോട്ട് പ്രവേശനം നിരോധിച്ചിരിക്കുന്നു.

കുമ്പള ജി.എച്ചു. എസ്., ആദൂർ ജി.എച്ചു. എസ്., ഇരിയണ്ണി ജി.എച്ച്.എസ്., മഹാകവി കുട്ടമത്ത് സ്മാരക ജി.എച്ച്.എസ്. തുടങ്ങിയവ കോമ്പോണ്ടിനകത്ത് എൽ.പി. മുതലുള്ള കുട്ടികളേയും വഹിച്ചുകൊണ്ടാണു പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെ ചന്ദ്രഗിരിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിന്റെ മണ്ണിൽ അല്പം ശുദ്ധവായു ശ്വസിക്കുന്നതിനു, എൽ.പി. ജയിലിലെ കുട്ടികൾക്ക് 'ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തി ' ലംഘിക്കാൻ അനുവാദമില്ല ! എൽ.പി. യിൽ പഠിച്ച ചേട്ടന്മാർ ഹൈസ്ക്കൂളിലൂടെ ജീവിതത്തിൽ സുഖ സൗകര്യങ്ങളുടെ കൊടുമുടിയിൽ എത്തി. എന്നാൽ അവരാരും എൽ.പി. യിലേക്ക് തിരിഞ്ഞു നോക്കാൻ തയ്യാറല്ല.

അതിർത്തിയിലെ ജീർണ്ണിച്ച കെട്ടിടം പൊളിച്ചുമാറ്റി അവിടെ പുതിയ കോൺക്രീറ്റ് കെട്ടിടം ഉയർത്താനുള്ള പദ്ധതിയിലാണു ഹൈസ്കൂൾ അധികൃതർ. (ആദ്യകാലത്ത് എസ്.എസ്.എൽ.സി. ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്ന പടിഞ്ഞാറു ഭാഗത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് മറ്റൊരു പുതിയ കെട്ടിടത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.)
ഈ അതിർത്തിയിൽ ഇനിയൊരു കെട്ടിടം ഉയരാൻ പാടില്ല. അതിർത്തിയിലെ ആ കെട്ടിടം നില്ക്കുന്ന സ്ഥലവും അതിനു തൊട്ടുരുമ്മി തെക്ക് ഭാഗത്ത് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ശൗചാലയ സമുച്ചയവും അടക്കം ഒരു പത്ത് സെന്റ് സ്ഥലം ഹൈസ്ക്കൂൾ കോമ്പോണ്ടിനകത്ത് നിന്നു എൽ.പി. സ്ക്കൂളിനു നല്കണം. അങ്ങനെ, ജയിയിലടക്കപ്പെട്ട ആ പൂമ്പാറ്റകൾക്ക് പറന്നു കളിച്ചുല്ലസിക്കാൻ ആ സ്ഥലം ഉപകാരപ്പെടണം.

അതിനു ആരെല്ലാം മുന്നോട്ട് വരണം ?

1. പൂർവ്വ വിദ്യാർത്ഥികൾ.
2. രക്ഷകർത്താക്കൾ.
3.   ഹൈസ്കൂൾ അധികൃതർ.
4.   ചെമ്മനാട് ഗ്രാമ പഞ്ചായത്ത്.
5.   ജില്ലാ പഞ്ചായത്ത്.
6.   ഉദുമ എം.എൽ.എ.
7.   സമൂഹത്തിലെ സാമ്പത്തിക ശേഷിയുള്ളവർ.

ഈ സ്കൂളിലൂടെ പഠിച്ചു വളർന്നവർ മാത്രമല്ല, ഈ സ്കൂളിനെക്കുറിച്ചു കേട്ടറിവുള്ള എല്ലാവരും ഈ പ്രശ്നത്തിൽ ഇടപെടണം, തലമുറകളോട് നീതി പുലർത്തുന്നതിനു വേണ്ടി. പരസ്പര വെറുപ്പിന്റെ കോട്ടമതിൽ തകർന്നു ആ പിഞ്ചു പൈതങ്ങൾ ശുദ്ധവായു ശ്വസിച്ചു വളരട്ടെ... വരൂ നമുക്ക് കൈ കോർക്കാം....
പ്രതീക്ഷയുടെ ഒരു വാതിലിലും മുട്ടാതിരിക്കരുത്....

Post a Comment

Previous Post Next Post