(www.kl14onlinenews.com)
(28-Aug -2022)
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.
തുടക്കത്തിലെ അടിതെറ്റി
പവര്‍ പ്ലേയില്‍ ഭുവിയുടെ ആദ്യ ഓവര്‍ തന്നെ സംഭവബഹുലമായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഭുവി മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് റിസ്‌വാന്‍ രക്ഷപ്പെട്ടു. അവസാന പന്തില്‍ റിസ്‌വാനെതിരെ ക്യാച്ചിനായുള്ള ഇന്ത്യയുടെ ശക്തമായ അപ്പീല്‍. അമ്പയര്‍ നിരസിച്ചപ്പോള്‍ ഇന്ത്യ റിവ്യു എടുത്തു. എന്നാല്‍ ഇത്തവണയും ഭാഗ്യം റിസ്‌വാന്‍റെ കൂടെയായിരുന്നു.
അര്‍ഷദീപിന്‍റെ രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച് പാക്കിസ്ഥാന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ മൂന്നാം ഓവറില്‍ ബാബറിനെ അപ്രതീക്ഷിത ബൗണ്‍സറില്‍ അര്‍ഷദീപ് സിംഗിന്‍റെ കൈകളിലെത്തിച്ച് ഭുവി പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചു. ആവേശ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സും ഫോറും പറത്തിയ റിസ്‌വാന്‍ പാക്കിസ്ഥാനെ ടോപ് ഗിയറിലാക്കാന്‍ നോക്കിയെങ്കിലും അഞ്ചാം പന്തില്‍ സമനെ(10) മടക്കി ആവേശ് ആ ആവേശം എറിഞ്ഞുടച്ചു. പവര്‍ പ്ലേയില്‍ രണ്് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍.
സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും പന്തെറിയാനെത്തിയതോടെ പതുക്കെ ചുവടുറപ്പിച്ച റിസ്‌വാനും ഇഫ്‌തീഖര്‍ അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നല്‍കി. മൂന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ പതിമൂന്നാം ഓവറില്‍ 87 റണ്‍സിലെത്തിച്ചു. ഇതിനിടെ ചാഹലിനെ സിക്സിന് പറത്തിയ ഇഫ്തീഖറിനെ തൊട്ടടുത്ത പന്തില്‍ ചാഹല്‍ തന്നെ കൈവിട്ടു.
നടുവൊടിച്ച് ഹാര്‍ദ്ദിക്
ചാഹല്‍ കൈവിട്ട ഇഫ്തീഖറിനെ(22 പന്തില്‍ 28) തൊട്ടടുത്ത ഓവറില്‍ ബൗണ്‍സറില്‍ കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് പാക് തകര്‍ച്ചക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറില്‍ നിലയുറപ്പിച്ചെന്ന് കരുതി മുഹമ്മദ് റിസ്‌വാനും ഹാര്‍ദ്ദിക്കിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീണു. 42 പന്തില്‍ 43 റണ്‍സടിച്ച റിസ്‌വാനെ തേര്‍ഡ് മാനില്‍ ആവേശ് പറന്നു പിടിച്ചു. അവിടം കൊണ്ടും നിര്‍ത്താതിരുന്ന ഹാര്‍ദ്ദിക് മറ്റൊരു ഷോര്‍ട്ട് ബോളില്‍ കുഷ്ദില്‍ ഷാ(2) കൂടി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിച്ച് പാക്കിസ്ഥാന്‍റെ നടുവൊടിച്ചു.
വാലരിഞ്ഞ് ഭുവിയും അര്‍ഷദീപും
അവസാന ഓവറുകളില്‍ ഷദാബ് ഖാനും ആസിഫ് അലിയും അടിച്ചു തകര്‍ക്കുമെന്ന പാക്കിസ്ഥാന്‍റെ പ്രതീക്ഷ ഭുവിയും അര്‍ഷദീപും ചേര്‍ന്ന് എറിഞ്ഞിട്ടു. ആസിഫ് അലിയെ(9) സൂര്യകുമാറിന്‍റെ കൈകളിലെത്തിച്ച ഭുവിയും മുഹമ്മദ് നവാസിനെ(1) അര്‍ഷദീപ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് അര്‍ഷദീപും പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പത്തൊമ്പതാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഷദാബ് ഖാനെയും(10) അരങ്ങേറ്റക്കാരന്‍ നസീം ഷായെയും വീഴ്ത്തി ഭുവി പാക്കിസ്ഥാന്‍നെ തകര്‍ത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാനവാസ് ദഹാനി(6 പന്തില്‍ 16) പാക്കിസ്ഥാനെ 147ല്‍ എത്തിച്ചു.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 26 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷദീപ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ ചാഹലിനും ജഡേജക്കും വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് അന്തിമ ഇവലനില്‍ ഇടം നേടിയത്.. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു.
Post a Comment