(www.kl14onlinenews.com)
(12-Aug -2022)
കൊച്ചി :
അബ്ദുന്നാസിര്‍ മഅ്ദനിയുടെ രണ്ടാം നാട് കടത്തല്‍ ആഗസ്റ്റ് 17 ന് പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കടുത്ത രോഗബാധിതനായി മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ ബാംഗ്ളൂരില്‍ കഴിയുകയാണ് അദ്ദേഹം. ആരോഗ്യാവസ്ഥ വഷളായ സാഹചര്യത്തില്‍ പി.ഡി.പി.പ്രതിനിധി സംഘം മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്.കണ്‍വീനറേയും കണ്ട് ആശങ്ക അറിയിക്കുകയും , വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലേക്ക് വരാനുള്ള സാഹചര്യമൊരുക്കണമെന്ന് കേരള മുഖ്യമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയെങ്കിലും എന്തെങ്കിലും അനുകൂലമായ സാഹചര്യം ഉണ്ടായിട്ടില്ല.വിഷയത്തില്‍ ഗൗരവതരമായ ഇടപെടല്‍ കേരള സര്‍ക്കാരില്‍ നിന്നുണ്ടാകണം. പന്ത്രണ്ട് വര്‍ഷത്തെ വിചാരണ കാലയളവില്‍ സമര്‍പ്പിക്കാതിരുന്ന പുതിയ തെളിവുകള്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ബാംഗ്ളൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും തള്ളിക്കളഞ്ഞെങ്കിലും സുപ്രീം കോടതി പരിശോധനക്ക് വച്ചിരിക്കുകയാണ്. അന്തിമവാദം കേള്‍ക്കല്‍ താല്ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞാല്‍ നിരപരാധിയായി പുറത്ത് പോകുമെന്ന് ബോധ്യമുള്ള അന്വേഷണ ഏജന്‍സികളും കര്‍ണ്ണാടക സര്‍ക്കാരും വിചാരണ വൈകിപ്പിച്ച് മഅ്ദനിയെ ശാരീരികമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന കാലത്താണ് വിചാരണ തടവറയില്‍ രാജ്യത്തെ ഒരു പൗരന്‍ രണ്ടര പതിറ്റാണ്ടോളം പീഢനം അനുഭവിക്കേണ്ടി വരുന്നത് എന്നത് വേദനാജനകമാണ്.
''സ്വാതന്ത്ര്യം കിട്ടിയേ തീരൂ, മഅ്ദനിയും ഭാരതീയനാണ്'' എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 14ന് സ്വാതന്ത്ര്യത്തിന്റെ അര്‍ദ്ധരാത്രിയില്‍ സംസ്ഥാന വ്യാപകമായി പൗരസ്വാതന്ത്ര്യ പ്രതിജ്ഞയെടുക്കും.
നീതി പുലരണം ,വിലങ്ങുകള്‍ അഴിയണം എന്ന മുദ്രാവാക്യത്തില്‍ ആഗസ്റ്റ് 17 ന് ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും . സെമിനാറുകള്‍, പൗരാവകാശ സംഗമം, ടേബിള്‍ടോക്, പ്രതിഷേധ തെരുവുകള്‍ ഉള്‍പ്പെടെ അന്യായ തടവറയിലടക്കപ്പെട്ടവര്‍ക്ക് നീതിയുറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജന ക്യാമ്പയിനാണ് 30 വരെ സംഘടിപ്പിക്കുന്നത്. മഅ്ദനിക്ക് നീതിയും വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കാന്‍ കേരള കര്‍ണ്ണാടക സര്‍ക്കാരുകളും രാഷ്‌ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും പൊതുസമൂഹവും ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ബാംഗ്ളൂരിലെത്തി ചികിത്സയില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യാവസ്ഥ അനുദിനം വഷളാകുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘവും മെഡിക്കല്‍ സംഘവും ബാംഗ്ളൂരില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കണം.
പി.ഡി.പി.കേന്ദ്രകമ്മിറ്റി അംഗം റ്റി.എ.മുഹമ്മദ് ബിലാലിനെ പാര്‍ട്ടി വൈസ്ചെയര്‍മാന്‍ ആയി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നോമിനേറ്റ് ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ്ചെയര്‍മാന്‍ റ്റി.എ.മുഹമ്മദ് ബിലാല്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ , കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍ , ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
إرسال تعليق