ഓഗസ്റ്റ് 12നും 16നും ഇടയിൽ ഫ്ളാറ്റിൽ എത്തിയ മൂന്നാമൻ: കൊച്ചി കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ

(www.kl14onlinenews.com)
(18-Aug -2022)

ഓഗസ്റ്റ് 12നും 16നും ഇടയിൽ ഫ്ളാറ്റിൽ എത്തിയ മൂന്നാമൻ: കൊച്ചി കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ
കൊച്ചി :
കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്ന കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിലാണെന്നു പൊലീസ് വെളിപ്പെടുത്തി. മൃതദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണ‍ര്‍ വ്യക്തമാക്കി. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം ഫ്‌ളാറ്റില്‍ സിസിടിവി ഇല്ലാത്തത് വെല്ലുവിളിയാണ്. മറ്റാരെങ്കിലും സംഭവ സമയത്ത് ഫ്‌ളാറ്റിലെത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഓഗസ്റ്റ് 12നും 16നും ഇടയിൽ ഫ്ളാറ്റിൽ എത്തിയ മൂന്നാമൻ ആരാണെന്നുള്ളതു സംബന്ധിച്ച് അർഷാദിനെ കുടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ചോദ്യം ചെയ്യലിൽ കൂടുതൽ സഹായങ്ങൾ പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. 

കൊല്ലപ്പെട്ട മലപ്പുറം സ്വദേശി സജീവും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൻ്റെ കാരണമെന്നും കമ്മിഷണർ വ്യക്തമാക്കി. ഇന്നലെ കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് അറസ്റ്റിലായ അര്‍ഷാദിന്റെ പക്കല്‍ നിന്ന് എംഡിഎംഎയും ഒരു കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് അശ്വന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി മരുന്ന് കേസിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാനാകൂ. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.

പിടിയിലായ അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കൊണ്ടോട്ടിയിലെ മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അര്‍ഷാദ് പിന്നീടാണ് കൊച്ചിയിലെത്തി കാക്കനാട് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചത്. ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്. അതമസമയം ഫ്ലാറ്റിലെ മുറിയിൽ നിന്നും ലഹരി വസ്തുക്കൾ ഒന്നു കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സിന്തറ്റിക് ലഹരിവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെങ്കിലും അവിടത്തെ മണവും മറ്റും മയക്കുമരുന്നിൻ്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഫ്ലാറ്റിൽ മയക്കുമരുന്നിൻ്റെ സ്ഥിരം ഉപയോ​ഗം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്.  കാക്കനാട്ടിലെ ഫ്ലാറ്റിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് ബഹളം കൂട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ നാട്ടുകാർ പൊലീസിൽ വിവരം നൽകിയില്ല. ഫ്ലാറ്റിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് അർഷാദ് മുങ്ങിയത്.  മഞ്ചേശ്വരത്തുവെച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടുന്നത്. ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പിടികൂടുന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് എസ്പി ഓഫീസിലുള്ള അർഷാദിനെ അർധരാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഇന്നലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തിൽ 20ഓളം മുറിവുകളുണ്ട്.

മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിൻ്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 


അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിലാണെന്നും എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അർഷാദിനായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റ് പുറത്തു നിന്നും പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മരപ്പണിക്കാരനെ കൊണ്ടുവന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറക്കുകയുമായിരുന്നു. 

അതേസമയം കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പ്രതിയുടെ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്. സജീവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫ്ളാറ്റിലെ 16-ാം നിലയിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സജീവ് കൃഷ്ണൻ. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയതെന്നാണ് വിവരം. 

ടൂർ പോയവർ തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. അകത്തു കയറിയ സുഹൃത്തുക്കൾ കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതു കാണുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇടയ്ക്കിടെ ഇവിടെ താമസിക്കാനെത്തിയത്. ഇയാൾ നേരത്തെ ഒരു മോഷണക്കേസിലെ പ്രതിയുമായിരുന്നു. ഹോട്ടല്‍ മാനേജ്‌മെൻ്റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയതെന്നു സജീവ് കൃഷ്ണയുടെ ബന്ധുക്കൾ പറയുന്നു. 

ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്ളാറ്റിൻ്റെ 16ാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്. ഇന്‍ഫോപാര്‍ക്കിന് സമീപത്താണ് ഈ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്.

ഇതിനിടെ ഫ്ളാറ്റിൽ താമസിച്ചിരുന്നവർക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി അയൽവാസികൾ രംഗത്തെത്തി. താമസക്കാർ സ്ഥിരം പ്രശ്‌നക്കാരായിരുന്നുവെന്നാണ് അവർ പറയുന്നത്. ഫ്ളാകറ്റിൽ ആരൊക്കെയാണ് വരുന്നതെന്നും പോകുന്നതെന്നും അറിയില്ലായിരുന്നു. പരസ്പരം ബന്ധമില്ലാത്തവർ ഫ്ളാറ്റിൽ ഒത്തുകൂടാറുണ്ടായിരുന്നു എന്നാണ് വിവരങ്ങളെന്നും അയൽവാസികൾ പറയുന്നു. 16ബിയില്‍ ഉണ്ടായിരുന്നവരോട് ഫ്ളാറ്റൊഴിയാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് അയല്‍വാസിയായ ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഫ്ളാറ്റില്‍ താമസിച്ച യുവാക്കള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ച മുമ്പ് ഫ്ളാറ്റൊഴിയാന്‍ ഉടമസ്ഥന്‍ പറഞ്ഞിരുന്നുവെന്നും ജലീൽ പറഞ്ഞു. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഉണ്ടായിരുന്ന അര്‍ഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്ലാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചില്ലെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പൊലീസിനെ അറിയിക്കേണ്ടതുണ്ടെന്നും അറിയിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തുമെന്നും കമ്മീഷണർ വ്യക്തമാക്കി. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും.  താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണെന്നും പൊലീസ്  കമ്മീഷണര്‍ പറഞ്ഞു

Post a Comment

Previous Post Next Post